മനാമ: എംബസിയെയും സാമൂഹ്യ പ്രവർത്തകരെയും തെറ്റിദ്ധരിപ്പിച്ച് നാട്ടിലേക്ക് സൗജന്യ യാത്ര തരപ്പെടുത്തിയ യുവാവിന്റെ ശ്രമം പൊളിഞ്ഞു. നാട്ടിൽ ഭാര്യ പനി മൂലം മരണപ്പെട്ടുവെന്നും മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണെന്നും നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുക്കാൻ പോലും നിവർധിയില്ല എന്ന് പറഞ്ഞാണ് യുവാവ് പ്രവാസി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചത്. പ്രവാസി കമ്മീഷൻ അംഗവും സാമൂഹ്യ പ്രവർത്തകനുമായ സുബൈർ കണ്ണൂർ നടത്തിയ അന്വേഷണത്തിലാണ് പ്രവാസി യുവാവിന്റെ കള്ളത്തരം കണ്ടുപിടിക്കാൻ സാധിച്ചത്.
ഭാര്യ മരിച്ചു എന്ന വിവരം പറഞ്ഞുകൊണ്ട് പ്രവാസി യുവാവ് കമ്മീഷൻ അംഗം സുബൈർ കണ്ണൂരിന്റെ കടയിൽ പോകുകയും അവിടുത്തെ സ്റ്റാഫിന് സംശയം കുടുങ്ങി എന്ന് കണ്ടപ്പോൾ യുവാവ് നേരെ കെ.എം.സി.സി. ഓഫീസിലേക്ക് പോകുകയായിരുന്നു. ആ സമയം അവിടെ ആരെയും കാണാത്തതിനെത്തുടർന്ന് പൊതു നിരത്തിൽ പിരിവ് നടത്തുകയും ചെയ്തു. ഈ വിവരം ഒരു ബഹ്‌റൈനി ഇന്ത്യൻ ക്ലബ്ബിൽ അറിയിക്കുകയായിരുന്നു.
ഇന്ത്യൻ ക്ലബ് വഴി വിവരം അറിഞ്ഞ സുധീർ തിരുനിലത്ത് ബഹ്‌റൈൻ കേരളീയ സമാജം പ്രെസിഡന്റ് രാധാകൃഷ്ണപിള്ളയെ വിവരം അറിയ്ക്കുകയും യുവാവിന് ടിക്കറ്റ് നൽകാനുള്ള ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു. തൊഴിലുടമയുടെ കൈയിൽ ആയിരുന്ന യുവാവിന്റെ പാസ്പോർട്ട് തിരികെ ലഭിക്കാൻ ഇന്ത്യൻ എംബസിയുടെ സഹായം കൂടി വേണമെന്ന് സുബൈർ അറിയിച്ചത് പ്രകാരം യുവാവ് ഇന്നലെ ഇന്ത്യൻ എംബസിയിൽ എത്തി. യുവാവിന്റെ പെരുമാറ്റത്തിലും സംസാരത്തിലും ഉണ്ടായ വൈരുധ്യങ്ങളാണ് സുബൈർ കണ്ണൂർ അന്വേഷണം നടത്താൻ ഇടയായത്. പ്രവാസി കമ്മീഷൻ, നോർക്ക, സിയാദ് ഏഴംകുളം എന്നിവർ വഴി സുബൈർ കണ്ണൂർ നടത്തിയ അന്വേഷണത്തിൽ ഇദ്ദേഹം പറഞ്ഞ ഭാര്യയുടെ പേരിൽ ഒരു ബോഡിയും തിരുവന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് മറ്റൊരു സംഘടന നടത്തിയ അന്വേഷണത്തിലും ഇത് ശരിയാണെന്നു തെളിഞ്ഞു.
ഏതൊരു പ്രവാസിയെയും സഹായിക്കുന്ന ബഹ്‌റൈനിലെ സാമൂഹ്യ സംഘടനങ്ങളെയാണ് ഇത്തരം ആളുകൾ മുതലെടുക്കുന്നത്. ഇതിൽ നിന്നെല്ലാം നമ്മൾ പഠിച്ച പാഠം ഇനിയൊരാളെ സഹായിക്കില്ല എന്നതല്ല. നമ്മൾ ഒരു വിഷയം അറിഞ്ഞാൽ അതിൽ പ്രാഥമിക അന്വേഷണം നടത്തുക എന്നതാണ്. ടിക്കറ്റ് ഇഷ്യൂ ചെയ്യുന്നതിന് മുൻപ് സമാജം ഭാരവാഹികൾക്ക് അന്വേഷണം വേണം എന്ന് തോന്നിയതും അതിനു ഏറ്റവും അനുയോജ്യ മാർഗം പ്രവാസി കമ്മീഷൻ , നോർക്ക, നാട്ടിൽ ഉള്ള ബഹ്‌റൈൻ സാമൂഹിക പ്രവർത്തകർ എന്നിവരാണ് എന്നതുമാണ് വഴിത്തിരിവായത്. ഇനിയും ഇത്തരം രീതികൾ നമുക്ക് തുടരാവുന്നതാണ്. അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ, സഹായങ്ങൾ ഒരിക്കലും ഇതിന്റെ പേരിൽ നഷ്ട്ടപ്പെട്ടില്ല എന്നും സുബൈർ കണ്ണൂർ പറഞ്ഞു.