മനാമ: ബഹ്റൈനിൽ കടുത്ത ചൂടിൽ അദ്ധ്വാനിക്കുന്ന തൊഴിലാളികൾക്ക് ആശ്വാസമായി മാറിയ ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ ‘ഹെൽപ്പ് ആൻഡ് ഡ്രിങ്’ ജീവകാരുണ്യ പദ്ധതി പത്താം വാർഷികം ആഘോഷിച്ചു. തൂബ്ലിയിലെ സിബാർകോയിൽ നടന്ന ചടങ്ങിൽ കാപിറ്റൽ ഗവർണറേറ്റ് ഫോളോ അപ് ഡയറക്ടറും സാമൂഹിക പ്രവർത്തകനുമായ യൂസഫ് യാഖൂബ് ലാരി പദ്ധതി ഉദ്ഘാടനം ചെയ്തു.
ഒമ്പത് വർഷമായി തുടർച്ചയായി നടത്തുന്ന ഈ ജീവകാരുണ്യ പദ്ധതി ലക്ഷക്കണക്കിനു തൊഴിലാളികൾക്ക് ആശ്വാസമായി മാറിയിട്ടുണ്ട്. ഇത്തവണയും തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ സംഘടനാ ഭാരവാഹികൾ, സിബാർകോ ഓഫീസ് ജീവനക്കാർ, മലയാളി ബിസിനസ് ഫോറം ഭാരവാഹികൾ, മാധ്യമപ്രവർത്തകർ, വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു. തൊഴിലാളികൾക്കായി ഒരുക്കിയ മെഡിക്കൽ ക്യാമ്പ് പദ്ധതിയുടെ മറ്റൊരു പ്രധാന ആകർഷണമായിരുന്നു.