മനാമ: ഇന്ത്യാ രാജ്യത്തിൻ്റെ 78 ാമത് സ്വാതന്ത്യദിനാഘോഷം “സ്വതന്ത്ര്യ ചത്വരം” എന്ന ശീർഷകത്തിൽ “മതേതരത്വം ഇന്ത്യയുടെ മതം” എന്ന പ്രമേയത്തേ ആസ്പതമാക്കി വ്യത്യസ്തങ്ങളായ പരിപാടികളോടെ എസ്.കെ.എസ്. എഫ് ബഹ്റൈൻ ആഘോഷിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. രാജ്യ സ്നേഹത്തിൻ്റെ ഉന്നതമായ ഗുണപാഠങ്ങൾ
വരും തലമുറയ്ക്ക് പകർന്നു നൽകാൻ നാം തയ്യാറാവണം എന്ന് ഉദ്ഘാടന ഭാഷണത്തിൽ സൂചിപ്പിച്ചു.
അബ്ദുൽ റസ്സാഖ് ഫൈസി ചെമ്മാട് പ്രമേയ പ്രഭാഷണം നടത്തി. മതേരത്വ മൂല്യങ്ങൾ കാത്ത് സൂക്ഷിച്ച പൂർവ്വകാല ചരിത്രത്തിലെ ഹൃദയകാരിയായ മുഹൂർത്തങ്ങൾ സദസ്സിന് മുമ്പാകെ വിശദീകരിക്കുകയും, വ്യത്യസ്തങ്ങളായ മതങ്ങളിൽ ജീവിക്കുകയും, നേതൃത്വം വഹിക്കുകയും ചെയ്തവർ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ച മതേരത്വ മൂല്യങ്ങളുടെ ചരിത്ര പഞ്ചാതലങ്ങൾ പ്രമേയ പ്രഭാഷകൻ സദസ്സിന് വിവരിച്ച് കൊടുത്തു.
സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി ബശീർ ദാരിമി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സമസ്ത കേന്ദ്ര വൈസ് പ്രസിഡൻ്റ് ശഹീം ദാരിമിയും, മീഡിയ കൺവീനർ ജസീർ വാരവും ചേർന്ന് ആലപിച്ച ദേശീയോദ്ഗ്രഥന ഗാനം സദസ്സിന് ഉണർവേകി.
എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈൻ വൈസ് പ്രസിഡന്റ് നിഷാൻ ബാഖവി അധ്യക്ഷത വഹിച്ച ചടങ്ങിൽ സമസ്ത ബഹ്റൈൻ കേന്ദ്ര വൈസ് പ്രസിഡൻ്റ് ഹാഫിള് ശറഫുദ്ധീൻ മൗലവി, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, വൈസ് പ്രസിഡണ്ട് മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, കെ എൻ എസ് മൗലവി തുടങ്ങി സമസ്തയുടെ കേന്ദ്ര ഏരിയ ഭാരവാഹികളും റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമിന്റെ ഉസ്താദുമാരും കോഡിനേറ്റർമാരും എസ്കെഎസ്എസ്എഫ് കൺവീനർമാർ,വിഖായ അംഗങ്ങളും മറ്റു പ്രസ്ഥാന ബന്ധുക്കളും സന്നിഹിതരായിരുന്നു.
എസ്.കെ.എസ്.എസ് എഫ് മുൻ പ്രസിഡൻ്റ് അശ്റഫ് അൻവരി ആമുഖ ഭാഷണം നടത്തിയ ചടങ്ങിന് എസ്.കെ.എസ്.എസ് എഫ് ആക്ടിംഗ് സെക്രട്ടറി ശാജഹാൻ കടലായി സ്വാഗതവും, വൈസ് പ്രസിഡൻ്റ് സജീർ പന്തക്കൽ പ്രതിജ്ഞയും ജോയിൻ സെക്രട്ടറി റാഷിദ് കക്കട്ടിൽ നന്ദിയും പറഞ്ഞു.