മനാമ: സിനിമാ രംഗത്തെ സ്ത്രീകൾ നേരിടുന്ന കൊടും ചൂഷണവും ലൈംഗികാതിക്രമവും സംബന്ധിച്ച് ജ. ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകൾ ഞെട്ടിപ്പിക്കുന്നവയാണ്. നാലര വർഷം റിപ്പോർട്ട് മുന്നിലുണ്ടായിട്ടും ഒരു നടപടിയും സർക്കാർ കൈക്കൊണ്ടില്ല എന്നത് സ്ത്രീസമൂഹത്തോട് അങ്ങേയറ്റം അവഹേളനപരമായ സമീപനമാണ് സർക്കാരിനുള്ളത് എന്ന് തെളിയിക്കുന്നു എന്ന് ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ പ്രവാസി മിത്ര സംഘടിപ്പിച്ച സ്ത്രീ: അസ്തിത്വവും വ്യക്തിത്വവും ചർച്ചാ സദസിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സാമൂഹ്യനീതിക്ക് വേണ്ടിയും മാനുഷിക സമത്വത്തിനും സാമൂഹിക സഹവർത്തിത്വത്തിനും വേണ്ടി മഹാത്മാ അയ്യങ്കാളി തുടങ്ങിവച്ച നവോത്ഥാന പോരാട്ടങ്ങൾക്ക് തുടർച്ചയുണ്ടാക്കാൻ പുതിയ കേരളത്തിന് സാധ്യമായിട്ടില്ല എന്നാണ് മഹാത്മ അയ്യങ്കാളി ജയന്തി ദിവസങ്ങളിൽ സ്ത്രീയുടെ അസ്തിത്വവും വ്യക്തിത്വവും ചർച്ച ചെയ്യുമ്പോൾ മനസ്സിലാക്കുന്നതെന്ന് അധ്യക്ഷ ഭാഷണം നടത്തിയ പ്രവാസി മിത്ര പ്രസിഡൻറ് വഫ ഷാഹുൽ പറഞ്ഞു.
ഒരുകൂട്ടം സ്ത്രീകളുടെ തൊഴിലിടങ്ങളിലെ അരക്ഷിതാവസ്ഥയുടെ സൊലൂഷൻ ആണ് ജ. ഹേമ കമ്മിറ്റി റിപ്പോർട്ട്. ഉത്തരാധുനിക കാലഘട്ടത്തിലും സാംസ്കാരിക നായകന്മാർ എന്നറിയപ്പെടുന്നവരുടെ ഇടയിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല. പൊതുസമൂഹം ബഹുമാനത്തോടും ആരാധനയോടും കൂടി കാണുന്നവരുടെ ധാർമിക അധപതനമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ കാണാൻ കഴിയുന്നത്. ഒരു പൊളിറ്റിക്കൽ അറ്റാക്കിന് ഉപരിയായി ഈ വിഷയം ചർച്ച ചെയ്യപ്പെടണം എന്ന് സീനിയർ ജേർണലിസ്റ്റ് രാജി ഉണ്ണികൃഷ്ണൻ ചർച്ചയ്ക്ക് തുടക്കം കുറച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.
സ്ത്രീയുടെ ആത്മാഭിമാനത്തിനും വ്യക്തിത്വത്തിനും നേർക്ക് നടക്കുന്ന സിനിമാ രംഗത്തെ നിയന്ത്രിക്കുന്ന പവർ ഗ്രൂപ്പിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്ത് വന്നത്. വ്യത്യസ്ത സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സാഹചര്യങ്ങളിൽ സ്വന്തം വ്യക്തിത്വവും തൻ്റേതായ ഇടവും അടയാളപ്പെടുത്താൻ സ്ത്രീകൾക്ക് കഴിയേണ്ടതുണ്ട്. എല്ലാ തൊഴിലിടങ്ങളിലും പ്രശ്നങ്ങൾ ഉണ്ട് പക്ഷേ, സെക്ഷ്വൽ ഡിമാൻഡ് ഉയർത്തുന്നവരെ സമൂഹം തിരിച്ചറിയുകയും അകറ്റിനിർത്തുകയും വേണം. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങൾ യഥാർത്ഥത്തിൽ ഒരു സ്ത്രീ പ്രശ്നമല്ല അതിനുമപ്പുറം ഒരു സാമൂഹിക പ്രശ്നമാണ് എന്ന് സമൂഹം തിരിച്ചറിയണം.
മലയാള സിനിമ വ്യവസായം അടിമുടി മനുഷ്യാവകാശ ലംഘനങ്ങളും സ്ത്രീകളോടുള്ള അതിക്രമങ്ങളും തൊഴില്‍ നിഷേധവും തുടരുന്ന ഇടമാണെന്ന ഹേമകമ്മീഷന്‍ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. പ്രതികളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പുറത്തുവിടുകയും അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാവണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സ്ത്രീകള്‍ക്ക് സ്വതന്ത്രമായും ഭയരഹിതമായും ജോലിചെയ്യാനും ഹേമകമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുകയും വേണം എന്ന് ചർച്ചാ സദസ്സ് അഭിപ്രായപ്പെട്ടു.
പ്രവാസി സെൻററിൽ സംഘടിപ്പിച്ച ചർച്ചാ സദസ്സ് പ്രവാസി മിത്ര വൈസ് പ്രസിഡൻ്റ് ലിഖിത ലക്ഷ്മൺ നിയന്ത്രിച്ചു. റെനി വിനീഷ് വിഷയാവതരണം നടത്തിയ പരിപാടിയിൽ ബഹ്റൈനിലെ സാമൂഹിക സംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന റെജീന ഇസ്മായിൽ, മിനി മാത്യു, ജിജി മുജീബ്, സൗദ പേരാമ്പ്ര, ഗീത വേണുഗോപാൽ, മസീറാ നജാഹ്, നുസൈബ, ഫസീല ഹാരിസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. പ്രവാസി മിത്ര എക്സിക്യൂട്ടീവ് അംഗം ആബിദ സമാപനം നടത്തി.