മനാമ: ഓഗസ്റ്റ് 30 മുതൽ ആരംഭിച്ച ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം, ശ്രാവണം 2024 ന്റെ എട്ടാം തിയ്യതി, ഞായറാഴ്ച നടന്ന ആഘോഷങ്ങളിൽ മുഖ്യാതിഥികളായി എൻ. കെ. പ്രേമചന്ദ്രൻ എം. പി യും പി. ആർ. മഹേഷ് എം.എൽ.എ യും പങ്കെടുത്തു. സമാജം DJ ഹാളിൽ 7:45 ഓടെ ആരംഭിച്ച പരിപാടികളിൽ അൻപതോളം വരുന്ന സോപാനം വാദ്യകലാസംഘ കലാകാരന്മാരുടെ ചെണ്ടമേളത്തോടെ തുടക്കം കുറിച്ചത് കാണികൾക്കു ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കി. തുടർന്ന് ജ്യോതിരാജ് ചിട്ടപ്പെടുത്തിയ ഓണം ഫ്യൂഷൻ ഡാൻസിൽ മുപ്പതോളം കലാകാരികൾ പങ്കെടുത്തു.
സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ബി.കെ.എസ് ബിസിനസ് ഐക്കൺ അവാർഡ്, ആർ.വി ട്രേഡിങ്ങ് കമ്പനി മേധാവിയും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനുമായ റഹിം ബാവ കുഞ്ഞിന് സമ്മാനിച്ചു. ബി.കെ.എസ് യങ് ബിസിനസ് ഐക്കൺ അവാർഡിനർഹനായ ഇബ്രാഹിം അദുഹമിനെയും ചടങ്ങിൽ ആദരിച്ചു.
സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രേമചന്ദ്രൻ എം പി മാറുന്ന കാലഘട്ടത്തിലും മതസൗഹാർദ്ദവും ഐക്യവും ഉറപ്പാക്കിക്കൊണ്ട് കേരളീയ സമാജം നടത്തുന്ന ഓണാഘാഷം തുടങ്ങിയുള്ള പരിപാടികളെ മുക്തകണ്ഠം പ്രശംസിച്ചു. നാട്ടിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന ഇത്തരം ആഘോഷങ്ങൾക്ക് വിദേശ മണ്ണിൽ ബഹ്‌റൈൻ മലയാളി പ്രവാസി സമൂഹം കൊടുക്കുന്ന പ്രാധാന്യം മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന് സംസാരിച്ച പി. ആർ. മഹേഷും വിദേശ മണ്ണിൽ നടത്തുന്ന അതുല്യമായ പ്രവർത്തനങ്ങൾക്കു ബഹ്‌റൈൻ കേരളീയ സമാജത്തെയും പി വി രാധാകൃഷ്ണപിള്ള ഉൾപ്പെടെയുള്ള അതിന്റെ സാരഥികളെയും അനുമോദിച്ചു. ബി കെ എസ് ബിസിനസ് ഐക്കോൺ അവാർഡ് ജേതാവ് റഹിം ബാവ കുഞ്ഞിന് കരുനാഗപ്പള്ളിയിൽ ഒരു സ്വീകരണമൊരുക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. ശ്രാവണം 2024 ജനറൽ കൺവീനർ വർഗീസ് ജോർജ് യോഗത്തിനു നന്ദി പറഞ്ഞു.
തുടർന്ന് നടന്ന ഓണപ്പുടവ മത്സരത്തിൽ പന്ത്രണ്ടോളം ടീമുകൾ മാറ്റുരച്ചു. കേരളത്തനിമ നിറഞ്ഞ വേഷങ്ങളുടെ ദൃശ്യ വിരുന്നൊരുക്കിയ ഓണപ്പുടവ മത്സരം കാണികളുടെ കയ്യടി നേടി. മത്സരത്തിൽ ശ്രേഷ്ഠ ബഹ്‌റൈൻ, ടീം കെവിൻ, ബി. കെ. എസ്സ്. സാഹിത്യ വിഭാഗം എന്നീ ടീമുകൾ യഥാക്രമം ഒന്ന് രണ്ടു മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. ഓണപ്പുടവ മത്സരം കൺവീനർ ബിൻസി റോയ് നന്ദി പറഞ്ഞു. തുടർന്ന് ശ്രാവണം 2024 ന്റെ ഭാഗമായി ഇതുവരെ നടന്ന മത്സരങ്ങൾക്കും പരിപാടികൾക്കും നേതൃത്വം കൊടുത്ത കൺവീനർമാരെയും ജോയിന്റ് കൺവീനർമാരെയും മൊമെന്റോകൾ നൽകി ആദരിച്ചു. വരും ദിവസങ്ങളിലും ശ്രാവണം 2024 ന്റെ ഭാഗമായുള്ള വൈവിധ്യങ്ങളായ മത്സരങ്ങളും പരിപാടികളും സമാജത്തിൽ അരങ്ങേറും. സെപ്റ്റംബർ 28 നാണു സമാജത്തിലെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് കൊടിയിറങ്ങുക.