മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ തുടർന്ന് വരുന്ന ഓണാഘോഷങ്ങളുടെ ഭാഗമായുള്ള വർണ്ണാഭമായ ഘോഷയാത്ര മത്സരം പതിമൂന്നാംതിയ്യതി വെള്ളിയാഴ്ച നടക്കും. വൈകീട്ട് 5.30 ന് ഡി. ജെ. ഹാളിൽ തുടങ്ങുന്ന മത്സരത്തിൽ ബഹ്‌റൈനിലെ വിവിധ സംഘടനകൾ, സമാജം ഉപവിഭാഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. സമാജത്തിന് പുറത്തുള്ള സംഘടനകൾ, സമാജം ഉപവിഭാഗങ്ങൾ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.
നിശ്ചല ദൃശ്യ ഫ്ളോട്ടുകൾ, പ്രച്ഛന്ന വേഷങ്ങൾ, നാടൻ കലാരൂപൾ, അനുഷ്ഠാന കലകൾ, വാദ്യമേളങ്ങൾ, ഡിസ്‌പ്ലേകൾ തുടങ്ങിയവ കൊഴുപ്പേകുന്ന വാശിയേറിയ ഘോഷയാത്രമത്സരം മുൻവർഷങ്ങളിലെ പോലെ കാണികൾക്കു ദൃശ്യ വിരുന്നൊരുക്കും. മത്സരത്തിൽ പങ്കെടുക്കുന്ന സമാജം ഉപവിഭാഗങ്ങളും മറ്റു സംഘടനകളും അവരുടെ കലാരൂപങ്ങളും ഫ്ളോട്ടുകളും അണിയിച്ചൊരുക്കുന്ന തിരക്കിൽ ഇതിനോടകം തന്നെ തയാറെടുപ്പുകൽ കഴിഞ്ഞു. ഘോഷയാത്ര മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങളാണ് സമാജത്തിൽ നടക്കുന്നത്. ദേവൻ പാലോട് കൺവീറായും, ബിറ്റോ പാലാമറ്റത്തു, അനീഷ് ശ്രീധരൻ, അനിത തുളസി എന്നിവർ ജോയിന്റ് കൺവീനർമാരായുമുള്ള വിപുലമായ കമ്മറ്റിയാണ് പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത്.
ഓരോ വിഭാഗങ്ങളിലെയും മികച്ച ഘോഷയാത്ര, മികച്ച ഫ്ലോട്ട് എന്നീ ഇനങ്ങളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസുകൾ, മികച്ച ഘോഷ യാത്ര തീം, മികച്ച മാവേലി, മികച്ച വേഷം, മികച്ച പെർഫോർമർ എന്നിവക്കു ട്രോഫികളും നൽകപ്പെടും. കാണികളുടെ വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഏവരും നേരത്തെതന്നെ സമാജം ഡി. ജെ. ഹാളിൽ പ്രവേശിക്കണമെന്നു സംഘാടകർ അറിയിച്ചു.