മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ തുടരുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി, സെപ്റ്റംബർ 17 വ്യാഴാഴ്ച നടന്ന പൊതുസമ്മേളനത്തിൽ കോവളം എം.എൽ.എ എം.വിൻസെന്റ് പങ്കെടുത്തു. ലോകമെമ്പാടുമുള്ള മലയാളി പ്രവാസി സംഘടനകൾക്ക് ഏതൊരു കാര്യത്തിലും ഉദാത്ത മാതൃകയാണ് ബഹ്‌റൈൻ കേരളീയ സമാജം എന്ന് അദ്ദേഹം പറഞ്ഞു. ഒരുമാസത്തോളം നീണ്ടുനിൽക്കുന്നതും അത്യാകർഷകവുമായ ഓണാഘോഷ കുറ്റമറ്റതായി നടത്തികൊണ്ടുപോകുന്നതിനു സമാജം ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു. ശരിയായ ഓണാഘോഷങ്ങൾ കാണണമെങ്കിൽ നാട്ടിൽ നിന്ന് ബഹ്‌റൈനിൽ വരേണ്ട അവസ്ഥയായെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലോട്ട് പോയ അംഗങ്ങളെയും അവധിക്കു നാട്ടിൽ വരുന്ന അംഗങ്ങളെയും ചേർത്ത് ഓണത്തോടനുബന്ധിച്ചു നടത്തുന്ന ബി.കെ.എസ് ഹാർമണി എന്ന പരിപാടി തന്നെ അത്ഭുതപെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പോയ വർഷം ഉദയസമുദ്ര ഹോട്ടലിൽ വച്ച് നടന്ന പരിപാടിയിൽ പങ്കെടുത്തതിന്റെ ഓർമ്മകൾ എം. എൽ. എ. ഓർത്തെടുത്തു. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോയവരുടെ ഒറ്റപ്പെടൽ മനസ്സിലാക്കി അവരെയും ചേർത്തുപിടിക്കുന്ന സമാജത്തിന്റെ ഹാർമണി എന്ന പരിപാടിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നും അദ്ദേഹം പറഞ്ഞു.
സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞ യോഗത്തിൽ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള അധ്യക്ഷനായിരുന്നു. ശ്രാവണം 2024 ജനറൽ കൺവീനർ വർഗ്ഗീസ് ജോർജ് നന്ദി പറഞ്ഞു. സമാജം എന്റർടൈൻമെന്റ് സെക്രട്ടറി റിയാസ് ഇബ്രാഹിം, ഇൻഡോർ ഗെയിംസ് സെക്രെട്ടറി നൗഷാദ് ചേരിയിൽ, മെമ്പർഷിപ് സെക്രട്ടറി വിനോദ് അളിയത്, ഇന്റെർണൽ ഓഡിറ്റർ പോൾസൺ ലോനപ്പൻ, ശ്രാവണം 2024 ജോയിന്റ് കൺവീനർമാരായ ആഷ്ലി കുര്യൻ, സുധി അച്ചാഴിയത്, നിഷ ദിലീഷ് എന്നിവരും സന്നിഹിതരായാരിന്നു.
തുടർന്ന് നടന്ന അനശ്വരഗാനങ്ങൾ എന്ന സംഗീത പരിപാടിയിൽ പന്തളം ബാലൻ, കമുകറ ശ്രീകുമാർ, രാധാകൃഷ്ണൻ നായർ, തേക്കടി രാജൻ, രാജലക്ഷ്മി എന്നീ പ്രശസ്ത ഗായകർ ഗാനങ്ങൾ ആലപിച്ചു. സദസ്സിനെ അപ്പാടെ പഴയകാല മലയാള ചലച്ചിത്രഗാന ലോകത്തേക്ക് കൂട്ടികൊണ്ടുപോയി സംഗീത നിശ അവിസ്മരണീയമായി.