ലോകത്തെ അതിസമ്പന്നരിൽ കൂടുതൽ പേരും യുഎസ്, ഇന്ത്യ, ചൈന രാജ്യക്കാർ; ‘ബ്ലൂംബെർഗ്’ പട്ടികയിലെ ഏക മലയാളിയായി എം.എ യൂസഫലി

ma yusufali

ദുബായ്: ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. സ്പേസ്എക്സ്, ടെസ്ല, എക്സ് മേധാവി ഇലോൺ മസ്കാണ് ലോകസമ്പന്നൻ. 263 ബില്യൺ ഡോളർ ആസ്തിയാണ് മസ്കിനുള്ളത്. 6.73 ബില്യൺ ഡോളറിന്റെ വർധനവ് ഇക്കാലയളവിൽ മസ്ക്കിനുണ്ടായി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാം സ്ഥാനത്തേക്കെത്തി. 451 കോടി ഡോളറിന്റെ മുന്നേറ്റത്തോടെ 211 ബില്യൺ ഡോളറിന്റെ ആസ്തിയോടെയാണ് സക്കർബർഗ് രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. മൂന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസിന് 209 ബില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്.

 

ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ എൽവിഎംഎച്ചിന്റെ മേധാവി ബെർണാഡ് അർണോയാണ് നാലാംസ്ഥാനത്ത്. 193 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ബെർണാഡിനുള്ളത്. ആദ്യ നൂറ് പേരുടെ പട്ടികയിൽ 59 പേരും യുഎസ്, ഇന്ത്യ, ചൈന രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ലോകത്തെ നൂറ് സമ്പന്നരിൽ യുഎസ്സിൽ നിന്ന് 35 പേരും ഇന്ത്യ ചൈന രാജ്യങ്ങളിൽ നിന്ന് 12 പേർ വീതവും ഇടം പിടിച്ചു.

 

മുകേഷ് അംബാനിയാണ് ഇന്ത്യയിൽ നിന്ന് പട്ടികയിൽ മുന്നിലുള്ളത്. 105 ബില്യൺ ഡോളർ ആസ്തിയോടെ പതിന്നാലാം സ്ഥാനത്താണ് മുകേഷ് അംബാനി. 99.5 ബില്യൺ ഡോളർ ആസ്തിയോടെ പതിനെട്ടാം സ്ഥാനത്തുള്ള ഗൗതം അദാനിയാണ് രണ്ടാമത്. ബ്ലൂംബെർഗ് പട്ടികയിൽ ഇടം പിടിച്ച ഒരേയൊരു മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ്. 6.45 ബില്യൺ ഡോളറിന്റെ ആസ്തിയോടെ 487ആം സ്ഥാനത്ത് എം.എ യൂസഫലിയുണ്ട്. 500 പേരുടെ പട്ടികയിൽ മറ്റ് മലയാളികളാരും ഇടംപിടിച്ചിട്ടില്ല.

41 ബില്യൺ ഡോളർ ആസ്തിയുള്ള എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ 37ആമതും ടാറ്റാ സൺസ് മേധാവിമാരിൽ ഒരാളായ ഷാപൂർ മിസ്ത്രി 38ആമതായും പട്ടികയിലുണ്ട്. ജിൻഡാൽ ഗ്രൂപ്പ് മേധാവി സവിത്രി ജിൻഡാലാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വനിത. 35.4 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള സാവിത്രി ജിൻഡാൽ 49ആം സ്ഥാനത്താണ്. 31 ബില്യൺ ഡോളർ ആസ്തിയോടെ സൺ ഫാർമസ്യൂട്ടിക്കൽസ് സ്ഥാപകൻ ദിലീപ് ഷാംഗ്വി 61ആം സ്ഥാനത്തുണ്ട്. വിപ്രോ സ്ഥാപകൻ അസീം പ്രേംജി ( 29.4 ബില്യൺ ഡോളർ), ഭാരതി എയർടെൽ ചെയർമാൻ സുനിൽ മിത്തൽ ( 25.5 ബില്യൺ ഡോളർ), ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ ബിർള ( 22.9 ബില്യൺ ഡോളർ), അവന്യൂ സൂപ്പർമാർക്കറ്റ്സ് മേധാവി രാധാകൃഷ്ണൻ ധമാനി (22.2 ബില്യൺ ഡോളർ) എന്നിവരാണ് ബ്ലൂംബെർഗ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ.

 

ഗൾഫ് രാജ്യങ്ങളിൽ നിന്നും നാല് പേരാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് പേരും സൗദിയിൽ നിന്നാണ്. സൗദി അറേബ്യയിൽ അൽ വലീദ് ബിൻ തലാൽ രാജകുമാരനാണ് പട്ടികയിലെ അതിസമ്പന്നനായ അറബ് പൗരൻ. 17.4 ബില്യൺ ഡോളർ ആസ്തിയോടെ 123-സ്ഥാനത്താണ് തലാൽ. തൊട്ട് പിറകെ 11.7 ബില്യൺ ഡോളറുമായി സുലൈമാൻ അൽ ഹബീബ്, 9.22 ബില്യൺ ഡോളർ ആസ്തിയുമായി മുഹമ്മദ് അൽ അമൗദി എന്നിവരാണ് സൗദിയിൽ നിന്നും പട്ടികയിൽ ഇടം പിടിച്ചവർ.

യു.എ.ഇ.യിൽ നിന്നൂള്ള അബ്ദുള്ള ബിൻ അൽ ഗുരൈറാണ് പട്ടികയിലെ പ്രമുഖനായ മറ്റൊരു വ്യവസായി. ആഗോള തലത്തിൽ 298 സ്ഥാനത്തോടെ 9.28 ബില്യൺ ഡോളറാണ് അൽ ഗുരൈറിൻ്റെ ആസ്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!