കേരളത്തിൽ നിന്നും വി മുരളീധരൻ കേന്ദ്രമന്ത്രിസഭയിലേക്ക്

ഡൽഹി: കേരളത്തിലെ മുതിര്‍ന്ന ബി.ജെ.പി. നേതാവും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ വി മുരളീധരൻ കേന്ദ്ര മന്ത്രിയാകും. വ്യാഴാഴ്ച സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വി. മുരളീധരനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ഇതോടെ കേരളത്തില്‍നിന്നും കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യമായി. നിലവിൽ കേന്ദ്ര മന്ത്രിയായ അൽഫോൺസ് കണ്ണന്താനത്തെ ഒഴിവാക്കിയാണ് കേന്ദ്ര മന്ത്രിസഭയിലേക്ക് വി മുരളീധരനെ പരിഗണിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ് വി മുരളീധരൻ.

തലശേരി സ്വദേശിയായ വി. മുരളീധരന്‍ എ.ബി.വി.പി.യിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. എ.ബി.വി.പി.യുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. പിന്നീട് ബി.ജെ.പി.യിലും ആര്‍.എസ്.എസിലും ശക്തമായ സാന്നിധ്യമായി. നേരത്തെ നെഹ്‌റു യുവകേന്ദ്രയുടെ ചെയര്‍മാനായും വി. മുരളീധരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.