മനാമ: യുഎഇയുടെ ചാന്ദ്ര ദൗത്യത്തിൽ പങ്കാളികളാകാൻ തീരുമാനിച്ച് ബഹ്‌റൈൻ. യുഎഇയുടെ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററുമായി സഹകരിച്ച് ചാന്ദ്രപര്യവേക്ഷണം നടത്തുമെന്ന് ബഹ്‌റൈൻ നാഷണൽ സ്‌പേസ് സയൻസ് ഏജൻസി അറിയിച്ചു. ബഹ്‌റൈൻ അന്താരാഷ്ട്ര എയർഷോയുടെ ഭാഗമായാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ചാന്ദ്ര ദൗത്യത്തിന് എൻഎസ്എസ്എ വികസിപ്പിച്ചെടുത്ത ഹൈടെക് നാവിഗേഷൻ കാമറകൾ സഹായിക്കും. ചന്ദ്രന്റെ പരുക്കൻ പ്രതലത്തിന് അനുയോജ്യമായ രീതിയിലാണ് ഈ റോവർ കാമറകൾ വികസിപ്പിച്ചിരിക്കുന്നത്. ഈ കാമറകൾ റോവറിന്റെ നാവിഗേഷനിൽ നിർണായക പങ്കുവഹിക്കും.
മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററുമായുള്ള സഹകരണം സുപ്രധാനമായ ശാസ്ത്രനേട്ടമാണെന്ന് എൻഎസ്എസ്എ സിഇഒ മുഹമ്മദ് ഇബ്രാഹിം അൽ അസീരി അറിയിച്ചു.