bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ പ്രവാസി ധർമ്മരാജിന്റെ ചികിത്സക്കായി ബി കെ എസ് സഹായ കമ്മിറ്റി രൂപീകരിക്കുന്നു

dharma

മനാമ:പക്ഷാഘാതത്തെ തുടർന്ന് കിംഗ് ഹമദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബഹ്‌റൈൻ പ്രവാസിയും കാസർഗോഡ് ചെറുവത്തൂർ കുട്ടമത്ത് സ്വദേശിയുമായ ധർമ്മരാജിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി കൈവന്നതായി ബന്ധുക്കൾ അറിയിച്ചു. എങ്കിലും നീണ്ട നാളത്തെ ഫലപ്രദമായ ചികിത്സ ലഭിച്ചെങ്കിൽ മാത്രമേ അദ്ദേഹത്തിന്ന് സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ട് വരാനാവുകയുള്ളൂ. ബഹ്‌റൈനിലെ ഏതൊരു സംഘടനയുടെയും പരിപാടികൾക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ചു കൊണ്ടിരുന്ന കമ്പ്യൂട്ടർ വിദഗ്ധനും ശില്പിയും മികച്ച കലാകാരനുമായ ധർമ്മരാജൻ മെയ് 5 നാണ് അസുഖബാധിതനായത്.

മുഹറഖിൽ അദ്ദേഹം പരിശീലനം നൽകിക്കൊണ്ടിരിക്കുന്ന കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂറ്റിനടുത്ത മുറിയിൽ ബോധം കേട്ട് വീണത് തൊട്ടടടുത്തുണ്ടായിരുന്ന വീട്ടുകാരാണ് കണ്ടത്. ഉടൻ ആംബുലൻസ് വിളിച്ചു വരുത്തുകയും കിംഗ് ഹമദ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വിദഗ്ധ പരിശോധനയിൽ ആണ് പക്ഷാഘാതമാണെന്നു മനസ്സിലായത്. തലയിൽ രക്തം കട്ട പിടിക്കുകയും ശരീരം തളർന്ന അവസ്‌ഥയിലും ആയിരുന്നു. തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയും അത്യാഹിത വിഭാഗത്തിൽ തുടർ ചികിത്സ നടത്തുകയുമായിരുന്നു.

രണ്ടാഴ്ചത്തെ ചികിത്സ കൊണ്ട് നേരിയ പുരോഗതി കൈവരിച്ചുവെങ്കിലും ശരീരത്തിന്റെ ഒരു ഭാഗത്തെ ചലന ശേഷി വീണ്ടു കിട്ടിയിട്ടില്ല. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. നാട്ടിലേയ്ക്ക് കൊണ്ട് പോയി വിദഗ്ധ ചികിത്സ ലഭ്യമാക്കിയാൽ മാത്രമേ പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുകയുള്ളൂ എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. നിലവിലെ അവസ്‌ഥയിൽ ഡോക്ടർമാർ അടക്കമുള്ള സംഘം രോഗിയോടൊപ്പം ഉണ്ടെങ്കിൽ മാത്രമേ വിമാനയാത്ര സാധ്യമാവുകയുള്ളൂ. അതിന് വേണ്ടി വരുന്ന ഭീമമായ ചിലവ് താങ്ങാനുള്ള സ്‌ഥിതി കുടുംബത്തിനില്ല. ഭാര്യ വിനീത ഒരു സ്വകാര്യ സ്‌കൂളിൽ ക്ലർക്ക് ആയി ജോലി ചെയ്യുന്നു. ഏകമകൻ ഗൗരി ശങ്കർ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.

2000 ത്തിൽ ആണ് ധർമരാജൻ ബഹ്‌റൈനിൽ എത്തിയത്. പ്രമുഖ കാറ്ററിംഗ് കമ്പനിയിൽ അഡ്മിൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്നത്. അടുത്തിടെയാണ് മറ്റൊരു കമ്പനിയിലേയ്ക്ക് മാറിയത്. ബഹ്‌റൈൻ കേരളീയ സമാജത്തിലെ സജീവ കലാകാരമായിരുന്ന ഇദ്ദേഹം ശിൽപ്പങ്ങൾ ഉണ്ടാക്കുന്നതിൽ വിദഗ്ധനായിരുന്നു. ബഹ്‌റൈൻ കേരളീയ സമാജത്തിൽ നിരവധി ശിൽപ്പങ്ങൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയിട്ടുണ്ട്. നാടകങ്ങൾക്ക് വേണ്ടുന്ന രംഗ പടങ്ങൾ ആയാലും നൃത്തത്തിന്റെ പശ്ചാത്തലം ആയാലും ധര്മരാജന്റെ കൈയ്യൊപ്പ് പതിയാത്ത അരങ്ങുകൾ ഉണ്ടായിരുന്നില്ല. ഓരോ പ്രോഗ്രാമുകൾക്കും വേണ്ടുന്ന വിഷ്വൽസ് ചെയ്യുന്നതോടൊപ്പം തന്നെ പരിപാടി പൂർത്തീകരിക്കും വരെ കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്ന് പരിപാടിയെ വിജയിപ്പിക്കുന്നതിന് ധർമ്മരാജിനുള്ള പാടവം വേറെ തന്നെ ആയിരുന്നു.

രാഷ്ട്രീയമോ ഇതര സംഘടനകളോ ഏതെന്നു പോലും നോക്കാതെ കലയ്ക്കു വേണ്ടി അക്ഷീണം പ്രവർത്തിച്ച ധര്മരാജിനുണ്ടായ ദുര്യോഗത്തിൽ ബഹ്‌റൈനിലെ പ്രവാസി മലയാളികൾ ഒന്നടങ്കം ദുഖിതരാണ്. സാമ്പത്തികമായി ഇതുവരെ ഒന്നും നേടിയിട്ടില്ലാത്ത ധര്മരാജിനെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യവുമായി ബഹ്‌റൈൻ കേരളീയ സമാജം അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടി ഒരു സഹായ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചതായി സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ള സമാജം ജനറല്‍സെക്രട്ടറി എം പി രഘു എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ജൂൺ 2 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് ചേരുന്ന ചികിൽസാ സഹായ കമ്മിറ്റി യോഗത്തിലേക്ക് എല്ലാവരും എത്തിച്ചേരണമെന്നും സമാജം കമ്മിറ്റി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!