മനാമ:ബഹ്റൈൻ പ്രതിഭയുടെ നാല്പതാം വാർഷിക ആഘോഷ പരിപാടികൾ ഡിസംബർ 12,13 തിയ്യതികളിലായി സഖയയിലെ കേരളീയ സമാജത്തിൽ വെച്ച് നടക്കുന്നു. ഇന്ന് വൈകുന്നേരം 6 മണി മുതൽ എലിഗൻ്റ് കിച്ചൻ മുഖ്യ പ്രായോജകരായ, ഗ്രാൻ്റ് മാസ്റ്റർ ജി.എസ്.പ്രദീപ് ഷോ “ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ്” ടാലൻ്റ് ഹണ്ടോടു കൂടി പരിപാടികൾക്ക് ആരംഭം കുറിക്കും. വിജയിക്ക് 1,11,111 രൂപയും ഫൈനലിസ്റ്റുകൾക്ക് 11,111 രൂപയും സമ്മാനമായി ലഭിക്കും. അന്നേ ദിവസം പ്രതിഭ ബാലവേദി അംഗങ്ങൾ അവതരിപ്പിക്കുന്ന നൃത്തം പൂമാതൈ പൊന്നമ്മ, ജിദ്യ ജയൻ ടീം അവതരിപ്പിക്കുന്ന നൃത്തം പഞ്ചദളം, ഡോ: ശ്രീനേഷ് ശ്രീനിവാസൻ്റെ ശിക്ഷണത്തിൽ അവതരിപ്പിക്കുന്ന നൃത്തം “വിബ്ജോർ” എന്നിവ അരങ്ങേറും.
രണ്ടാം ദിവസമായ ഡിസംബർ 13ന് വൈകുന്നേരം 5 മണി മുതൽ പ്രതിഭ സ്വരലയയിലെ നാല്പത് ഗായികാ ഗായകന്മാർ ആലപിക്കുന്ന അവതരണ ഗാനം, മധുലാൽ കൊയിലാണ്ടി അവതരിപ്പിക്കുന്ന ” സൗണ്ട് മാജിക് ” മിമിക്രിയിലുടെ ഒരുയാത്ര, ഡോ:ശിവകീർത്തി രവീന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച “ഡേ സീറോ (Day zero), ദ ലാൻ്റ് വിത്തൗട്ട് വാട്ടർ” എന്ന സംഗീത നാടകവും ഔദ്യോഗിക പരിപാടികൾക്ക് മുമ്പായി അരങ്ങേറും. തുടർന്ന് സമ്മാനദാനവും എം.ടി.യുടെ വിവിധ രചനകളെ ആസ്പദമാക്കി വി ആർ സുധീഷ് രചിച്ച, അന്തരിച്ച പ്രസിദ്ധ നാടക കലാകാരൻ പ്രശാന്ത് നാരായണൻ രംഗഭാഷ ഒരുക്കി, വിനോദ്.വി.ദേവൻ സംവിധാനം ചെയ്യുന്ന മഹാസാഗരം എന്ന നാടകം അരങ്ങേറും. പ്രവേശനം തീർത്തും സൗജന്യമാണെന്നും, പ്രവാസികളായ മുഴുവൻ പേരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സ്വാഗതസംഘം ജനറൽ കൺവീനർ സുബൈർ കണ്ണൂർ, ചെയർമാൻ പി. ശ്രീജിത്ത്, പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനു മണ്ണിൽ എന്നിവർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.