മനാമ: ബഹ്റൈൻ രാജാവിന്റെ സ്ഥാനാരോഹണത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് വെള്ളിനാണയങ്ങൾ പുറത്തിറക്കി. സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ ആണ് വെള്ളിനാണയങ്ങൾ പുറത്തിറക്കിയത്. 1000 നാണയങ്ങൾ ആണ് പുറത്തിറക്കിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
നാണയത്തിന്റെ മുൻവശത്ത് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഛായാചിത്രവും സിൽവർ ജൂബിലി ലോഗോയും കാണാം. മറുഭാഗത്ത് അൽ സഖീർ കൊട്ടാരത്തിന്റെ സവിശേഷതയും അടയാളപ്പെടുത്തിയിട്ടുണ്ട്. നാണയം പുറത്തിറക്കിയിട്ടുള്ളത് അത്യാധുനിക 3ഡി സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന തരത്തിലാണ്. സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈന്റെ സ്മാരക നാണയ രൂപകല്പനകളിൽ ആദ്യത്തേതാണിത്.
നാണയത്തിന്റെ വിൽപ്പനയിൽ നിന്നുള്ള എല്ലാ വരുമാനവും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർഎച്ച്എഫ്) വഴി ചാരിറ്റബിൾ ഓർഗനൈസേഷനുകളിലേക്കും ഫണ്ടുകളിലേക്കും എടുക്കുന്ന തരത്തിലായിരിക്കണമെന്നാണ് ബഹ്‌റൈൻ രാജാവ് നൽകിയ നിർദ്ദേശം.
അതേസമയം, വെള്ളി നാണയത്തിന്റെ വിൽപ്പന ഉടൻ പ്രഖ്യാപിക്കും, ‘മവാഇദ്’ നാഷനൽ അപ്പോയിന്റ്‌മെന്റ് സിസ്റ്റം ആപ്പ് വഴി ബുക്കിങ് ആരംഭിക്കും. വിവരങ്ങൾക്ക് www.bahrain.bh/apps എന്ന ഇ ഗവൺമെന്റ് ആപ്പ് സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാമെന്നും അധികൃതർ വിശദീകരിച്ചു.