മനാമ: പ്രവാസികളായ സാധാരണ മനുഷ്യരുടെ അധ്വാനവും സമ്പാദ്യവും ചൂഷണം ചെയ്യുന്ന പലിശക്കാര്‍ക്കെതിരെ ബഹ്‌റൈന്‍ ഭരണകൂടവും ഇന്ത്യന്‍ എംബസിയും സ്വീകരിക്കുന്ന നടപടികള്‍ക്കൊപ്പം നാട്ടിലും നടപടികള്‍ സ്വീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണം എന്നാവശ്യപ്പെട്ട് പലിശ വിരുദ്ധ ജനകീയ സമിതി രമേശ് ചെന്നിത്തല എം.എല്‍.എക്ക് നിവേദനം നല്‍കി. ഹ്രസ്വ സന്ദര്‍ശനത്തിന് ബഹ്‌റൈനില്‍ എത്തിയതായിരുന്നു എം.എല്‍.എ.
പലിശയ്ക്ക് പണം നല്‍കുന്നവര്‍ യാത്രാ വിലക്ക് പോലെയുള്ള കുരുക്കുകള്‍ നേരിടാരുണ്ട്. ഇരു രാജ്യങ്ങളിലെയും നിയമ വ്യവസ്ഥയുടെ ആനുകൂല്യം കിട്ടാന്‍ ഇരകളുടെ കയ്യില്‍ നിന്നും ഒപ്പിട്ട ബഹ്‌റൈന്‍ ബ്ലാങ്ക് മുദ്രപത്രങ്ങളും ബ്ലാങ്ക് ചെക്ക് ബുക്കുകളും പാസ്‌പോര്‍ട്ടും കൈക്കലാക്കുന്നത് സര്‍വ്വ സാധാരണമാണ്.
ഇരകളുടെ നിസ്സഹായവസ്ഥ മുതലാക്കി ഈ രേഖകള്‍ക്ക് പുറമെ നാട്ടിലുള്ള റവന്യു സ്റ്റാമ്പ് ഒട്ടിച്ച ബ്ലാങ്ക് പേപ്പറും, ഒപ്പിട്ട ബ്ലാങ്ക് എന്‍.ആര്‍.ഐ ചെക്കും വാങ്ങി വെക്കുകയും ചെയ്യുന്നത് പതിവാണ്. പലിശയും കൂട്ടു പലിശയും പിഴപ്പലിശയും ചേര്‍ത്ത് ഇരകളുടെ നാട്ടിലെ കിടപ്പാടവും ഭൂമിയും വരെ കൈക്കലാക്കുന്ന സംഭവങ്ങള്‍ സഹിതം പലിശ വിരുദ്ധ സമിതി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
പലിശ വിരുദ്ധ സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച രമേശ് ചെന്നിത്തല നാട്ടില്‍ ഇതിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സാധ്യമായ എല്ലാ സഹകരണങ്ങളും സഹായാവശ്യങ്ങളും നല്‍കാമെന്ന് ഉറപ്പ് നല്‍കി. താന്‍ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോള്‍ നടത്തിയ ഓപ്പറേഷന്‍ കുബേരയെ അനുസ്മരിച്ച അദ്ദേഹം പ്രവാസികളായ കൊള്ളപ്പലിശക്കാരെ അമര്‍ച്ച ചെയ്യാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അറിയിച്ചു.
പ്രവാസികള്‍ യാതൊരു സാഹചര്യത്തിലും ഇത്തരത്തിലുള്ള ആളുകളെ സമീപിക്കരുതെന്നും തങ്ങളുടെ പാസ്പോര്‍ട്ടുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കുകയോ ബ്‌ളാങ്ക് മുദ്രപത്രത്തില്‍ ഒപ്പിട്ട് നല്‍കുകയോ ചെയ്യരുതെന്നും സമിതി ഭാരവാഹികള്‍ പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു.
പലിശ വിരുദ്ധ സമിതി ചെയര്‍മാന്‍ ജമാല്‍ ഇരിങ്ങലിനോടൊപ്പം സെക്രട്ടറി ദീജീഷ്, ജനറല്‍ കണ്‍വീനര്‍ യോഗാനന്ദ്, വൈസ് ചെയര്‍മാന്മാരായ നാസര്‍ മഞ്ചേരി, അഷ്‌കര്‍ പൂഴിത്തല, ബദറുദ്ദീന്‍ പൂവാര്‍, മനോജ് വടകര ഉപദേശക സമിതി അംഗം ബിനു കുന്നന്താനം, രാജു കല്ലുമ്പുറം, റംഷാദ് അയലക്കാട്, ലത്തീഫ് ആയഞ്ചേരി എന്നിവരും പങ്കെടുത്തു.