മനാമ: ദിവസ വേതനത്തിന് ജോലി തേടി തെരുവുകളില്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടി നല്‍കുന്ന നിര്‍ദേശം പാര്‍ലമെന്റില്‍ മുന്നോട്ടുവെച്ച് എംപി ഖാലിദ് ബുവാനഖിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം എംപിമാര്‍. അനിയന്ത്രിതമായ ദിവസവേതന വ്യവസ്ഥ വിപണിയ്ക്ക് ദോഷം ചെയ്യും എന്നാണ് എംപിമാര്‍ പറയുന്നത്.
വീട് നന്നാക്കല്‍, പ്ലംബിംഗ്, പെയിന്റിംഗ് തുടങ്ങിയ ഹ്രസ്വകാല ജോലികള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന തൊഴില്‍രഹിതരേയായിരിക്കും ഈ നിര്‍ദേശം ബാധിക്കുക.
”ഇത് വെറുമൊരു സാമ്പത്തിക പ്രശ്നമല്ല. നിത്യവരുമാനം ഇല്ലാത്ത തൊഴിലാളികള്‍ക്കിടയില്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യ നിരക്കുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ചിലര്‍ നിരാശ കാരണം നിയമം ലംഘിച്ചേക്കാം. സര്‍ക്കാര്‍ ഇടപെടുകയും വ്യക്തമായ നിയമങ്ങള്‍ സ്ഥാപിക്കുകയും ജോലിയില്ലാതെ അലഞ്ഞുതിരിയുന്ന തൊഴിലാളികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണം.”, എംപിമാരുടെ നിര്‍ദേശത്തില്‍ പായുന്നു.
രണ്ട് നിര്‍ദേശങ്ങളാണ് പ്രധാനമായും എംപിമാര്‍ മുന്നോട്ടുവച്ചത്. തൊഴിലാളികളെ ശരിയായ സ്‌പോണ്‍സര്‍ഷിപ്പിന് കീഴില്‍ തൊഴിലെടുപ്പിക്കുക, അല്ലെങ്കില്‍ പ്രവാസികളെ അവരുടെ നാട്ടിലേക്ക് മടക്കി അയക്കുക. വിഷയത്തില്‍ ഉറച്ച നടപടിയില്ലെങ്കില്‍ ഈ സാഹചര്യം സമ്പദ്വ്യവസ്ഥയെയും തൊഴില്‍ വിപണിയെയും പ്രതികൂലമായി ബാധിക്കുമെന്നും എംപിമാര്‍ പറഞ്ഞു.