മനാമ: രാജ്യത്തിന്റെ അധികാരപരിധിയുള്ള ജലാശയങ്ങളില്‍ നിന്നും ഞണ്ടുകള്‍ പിടിക്കുന്നതിന് നിരോധനം. നിരോധനം മാര്‍ച്ച് 15 മുതല്‍ മേയ് 15 വരെ പ്രാബല്യത്തിലുണ്ടാവും. ബഹ്‌റൈനിലെ സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനുമായി സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്സിഇ) ആണ് നിരോധനം ഏര്‍പ്പെടുത്തുന്നത്.
വിലക്ക് ലംഘിച്ച് ഞണ്ട് വേട്ട നടത്തുന്നവര്‍ നിയമ നടപടി നേരിടേണ്ടി വരും. മത്സ്യത്തൊഴിലാളികള്‍ ഈ നിരോധനകാലയളവില്‍ നിയമങ്ങള്‍ പാലിക്കണം. നിരോധന കാലയളവില്‍ മത്സ്യ ബന്ധനത്തിനിടെ ഞണ്ട് ലഭിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ തിരികെ സമുദ്രത്തിലേക്ക് വിടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.