മനാമ: ബഹ്‌റൈനിലെ പ്രവാസി ഗൈഡന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ മീറ്റും പുരസ്‌കാരവിതരണവും സംഘടിപ്പിച്ചു. മാഹൂസിലെ മക്കന്‍ഡീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പിജിഎഫ് നല്‍കി വരുന്ന കര്‍മ്മജ്യോതി പുരസ്‌കാരം ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ ബഷീര്‍ അമ്പലായിക്ക് ഡെയ്‌ലി ട്രിബ്യൂണ്‍ ചെയര്‍മാനും മുന്‍ കര്‍മ്മജ്യോതി ജേതാവുമായ പി ഉണ്ണികൃഷ്ണന്‍ സമ്മാനിച്ചു.
ഇതോടൊപ്പം സംഘടനയുടെ അംഗങ്ങള്‍ക്കായി നല്‍കിവരുന്ന പുരസ്‌കാരങ്ങളും വിതരണം ചെയ്തു. പിജിഎഫ് ജ്വവല്‍ അവാര്‍ഡ് ലത്തീഫ് കോലിക്കലിനും പിജിഎഫ് പ്രോഡിജി അവാര്‍ഡ് അനില്‍ കുമാര്‍, വിമല തോമസ് എന്നിവര്‍ക്കും, മികച്ച കൗണ്‍സിലര്‍ക്കുള്ള അവാര്‍ഡ് മുഹമ്മദ് റഫീക്കിനും മികച്ച ഫാക്വല്‍റ്റി പുരസ്‌കാരം ബിനു ബിജുവിനും മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള അവാര്‍ഡ് ജെയിംസ് ഫിലിപ്പിനും മികച്ച കോര്‍ഡിനേറ്റര്‍ക്കുള്ള പുരസ്‌കാരം റോസ് ലാസര്‍, ജസീല എംഎ, സുധീര്‍ എന്‍പി എന്നിവര്‍ക്കുമാണ് സമ്മാനിച്ചത്.
പിജിഎഫ് പ്രസിഡന്റ് ബിനു ബിജു അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ജോയിന്റ് സെക്രട്ടറി ജെയിംസ് ഫിലിപ്പ് സ്വാഗതവും ഈവന്റ് കണ്‍വീനര്‍ വിശ്വനാഥന്‍ ഭാസ്‌കരന്‍ നന്ദിയും രേഖപ്പെടുത്തി. പിജിഎഫ് മുന്‍ പ്രസിഡന്റ് ഇകെ സലീം റമദാന്‍ സന്ദേശം നല്‍കിയ പരിപാടിയില്‍ പിജിഎഫ് വര്‍ക്കിങ്ങ് ചെയര്‍മാന്‍ പ്രദീപ് പുറവങ്കര, മുന്‍ പ്രസിഡന്റ് ലത്തീഫ് കോലിക്കല്‍, മുന്‍ കര്‍മ്മജ്യോതി പുരസ്‌കാരജേതാക്കളായ സുബൈര്‍ കണ്ണൂര്‍, സലാം മമ്പാട്ടുമൂല, മനോജ് വടകര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.