മനാമ: ബഹ്റൈനില്‍ കോവിഡ്-19 പാന്‍ഡെമിക് സമയത്ത് ഗുരുതരാവസ്ഥയിലായ 12 രോഗികളില്‍ ഒരാള്‍ക്ക് ‘ലോംഗ് കോവിഡ്’ (കോവിഡ് വൈറസ് ബാധിച്ചതിന് ശേഷം ചിലരില്‍ രോഗ ലക്ഷണങ്ങള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കും. ഈ അവസ്ഥയാണ് ലോംഗ് കോവിഡ്) ബാധിച്ചതായി പഠനം. പ്രായമായവര്‍, സ്ത്രീകള്‍, അസുഖബാധിതര്‍ എന്നിവര്‍ക്ക് ലോംഗ് കോവിഡിന് സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു.
‘ബേഡന്‍ ഓഫ് അക്യൂട്ട്, ലോങ്ങ്-ടേം കോവിഡ്-19: എ നാഷണല്‍വൈഡ് സ്റ്റഡി ഇന്‍ ബഹ്റൈന്‍’ എന്ന പേരിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലണ്ട് ഇന്‍ ബഹ്റൈന്‍, സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ്, ആരോഗ്യ മന്ത്രാലയം, ഫൈസര്‍ ആന്‍ഡ് ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്സ് (ബിഡിഎഫ്), റോയല്‍ മെഡിക്കല്‍ സര്‍വീസസ് (ആര്‍എംഎസ്), മിലിട്ടറി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് പഠനം നടത്തിയത്. പഠനത്തിന് ഡോ. മനാഫ് അല്‍ഖഹ്താനി നേതൃത്വം നല്‍കി.