മനാമ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ചില വെബ്‌സൈറ്റുകളും കുട്ടികള്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം ഉടന്‍ രാജ്യത്ത് നടപ്പാക്കും. ഓണ്‍ലൈന്‍ അപകടങ്ങളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്.
ശൂറ കൗണ്‍സിലിന്റെ വനിതാ-ശിശുകാര്യ സമിതി ഇതിനകം ബില്‍ അവലോകനം ചെയ്യുകയും തത്വത്തില്‍ അംഗീകാരത്തിനായി ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്. എംപിമാര്‍ ഈ മാസം ആദ്യം അടിയന്തര നടപടിക്രമങ്ങള്‍ പ്രകാരം ബില്‍ പാസാക്കുകയും അന്തിമ പരിശോധനയ്ക്കായി ഉപരിസഭയിലേക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.
പുതിയ വ്യവസ്ഥകള്‍ പ്രകാരം, പ്രായപൂര്‍ത്തിയാകാത്തവര്‍ ചില വെബ്സൈറ്റുകളോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോ ഒരു ദിവസം 12 മണിക്കൂര്‍ വരെ ഉപയോഗിക്കുന്നത് നിരോധിക്കാന്‍ കോടതികളെയും ബാലനീതി പാനലുകളെയും അനുവദിക്കും. കുട്ടിയുടെ വിദ്യാഭ്യാസം, മതപരമായ ആചാരം തുടങ്ങിയവയ്ക്ക് തടസ്സമാവാത്ത വിധത്തില്‍ ആയിരിക്കും നിരോധനം.