മനാമ: എമ്പുരാന്‍ സിനിമയ്‌ക്കെതിരെയുള്ള സംഘപരിവാര്‍ നീക്കം ജനാധിപത്യത്തിന് ഭീഷണിയെന്ന് ബഹ്‌റൈന്‍ പ്രതിഭ. ‘സിനിമ എന്നത് ഒരു കൂട്ടം കലാകാരന്മാരുടെ സൃഷ്ടിയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റു ദൃശ്യ, വാര്‍ത്ത മാധ്യമങ്ങളിലൂടെയും കലയെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും മികച്ച ഒരു കലാസൃഷ്ടിയുടെ ഉള്ളടക്കത്തെ അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് തിരുത്തിക്കുവാനുള്ള സംഘപരിവാര്‍ നേതൃത്വത്തിന്റെ ശ്രമത്തിലൂടെ എമ്പുരാന്‍ സിനിമ അവരെ എത്രത്തോളം അലോസര പെടുത്തുന്നുവെന്നതിനുള്ള തെളിവാണ് സിനിമയ്‌ക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത്.
കലാകാരനെയും സൃഷ്ടിപരമായ കലയെയും നശിപ്പിക്കാനുള്ള ശ്രമത്തിലൂടെ വെറുപ്പിന്റെ രാഷ്ട്രീയമാണ് ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ നടത്തുന്നത്. ഇന്ത്യയെ ലോക ജനതയ്ക്ക് മുന്നില്‍ നാണംകെടുത്തിയ ഗുജറാത്ത് വംശഹത്യയെ കലാകാരന്റെ ഭാവനയിലൂടെ സിനിമയില്‍ പുനരാവിഷ്‌കരിച്ചതാണ് ബിജെപി, ആര്‍ എസ്എസ് നേതാക്കളെ പോലും സിനിമയ്‌ക്കെതിരെ പരസ്യമായ ഭീഷണി ഉയര്‍ത്തുന്നത്തിന് പ്രേരിപ്പിച്ചതെന്നും തല്‍ഫലമായി സിനിമയിലെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്യുവാന്‍ എമ്പുരാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഭീഷണികള്‍ക്ക് വഴങ്ങി നിര്‍ബന്ധിതമായിരിക്കുവാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും സംഘപരിവാര്‍ ശക്തികളുടെ ഇത്തരം നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കുവാന്‍ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്നും’ ബഹ്‌റൈന്‍ പ്രതിഭ ഭാരവാഹികള്‍ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.