മനാമ: ബഹ്റൈന്റെ സ്വന്തം ഉപഗ്രഹമായ ‘അല്‍ മുന്‍ദിര്‍’ അതിന്റെ നിശ്ചിത ഭ്രമണപഥത്തിലെത്തി സിഗ്‌നലുകള്‍ അയയ്ക്കാന്‍ തുടങ്ങിയതായി ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സി (ബിഎസ്എ) സ്ഥിരീകരിച്ചു. ഗ്രൗണ്ട് സ്റ്റേഷന്‍ വഴി നിരവധി സിഗ്‌നലുകള്‍ ലഭിച്ചതായും ലഭിച്ച ഡേറ്റ ഉപഗ്രഹം അതിന്റെ നിര്‍ദ്ദിഷ്ട സാങ്കേതിക ശ്രേണികള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കാണിച്ചുവെന്നും സാങ്കേതിക സംഘം അറിയിച്ചു.
ബഹിരാകാശ മേഖലയില്‍ ബഹ്റൈനിന്റെ കഴിവുകള്‍ വികസിപ്പിക്കുന്നതിലെ ശ്രദ്ധേയമായ പുരോഗതിയെ ഇത് പ്രതിഫലിപ്പിക്കുന്നതായി ബിഎസ്എ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. മുഹമ്മദ് അല്‍ അസീരി പറഞ്ഞു. ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയ ഉടന്‍ തന്നെ സിസ്റ്റം സജീവമാക്കല്‍ ആരംഭിച്ചതായി അല്‍ മുന്‍ദിര്‍ പ്രോജക്ട് മാനേജര്‍ ആയിഷ അല്‍ ഹറാം പറഞ്ഞു.
ഒരു രാജ്യാന്തര ദൗത്യത്തിന്റെ ഭാഗമായി, 2025 മാര്‍ച്ച് 15 ന് യുഎസിലെ വാന്‍ഡന്‍ബര്‍ഗ് വ്യോമസേനാ താവളത്തില്‍ നിന്നാണ് സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പേലോഡ് ഉള്‍പ്പെടെയുള്ള നാല് സാങ്കേതിക പേലോഡുകള്‍ പരീക്ഷിക്കുന്നതിലേക്ക് നീങ്ങുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ എന്നും ആശയവിനിമയം, നിയന്ത്രണ സംവിധാനം, ദിശ കണ്ടെത്തല്‍ തുടങ്ങിയ കോര്‍ സിസ്റ്റങ്ങളുടെ പരീക്ഷണ ഘട്ടത്തിലാണുള്ളതെന്നും ശാസ്ത്രസംഘം അറിയിച്ചു.