കൊച്ചിയിൽ ചികത്സയിലുള്ള രോഗിക്ക് നിപയെന്ന് സംശയം; ആശങ്കവേണ്ടെന്നും ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കൊച്ചിയിൽ പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപയെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. പൂര്‍ണമായി ഉറപ്പിക്കാന്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം വരണമെന്നു മന്ത്രി വ്യക്തമാക്കി. ആദ്യ പരിശോധനയില്‍ നിപ സംശയിക്കാവുന്ന ഫലമാണ് ലഭിച്ചത്. ജനങ്ങൾക്ക് ആശങ്കവേണ്ടെന്നും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കഠിനമായ ചുമയും പനിയും ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് ചികിത്സ തേടണം. സംശയം മാത്രമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഏത് സാഹചര്യവും നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്. ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് അടക്കമുള്ള സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ ഒരു സ്ഥാപനത്തിലാണ് കൊച്ചിയിൽ ചികിത്സയിലുള്ള യുവാവ് പഠിച്ചത്. തൃശൂരില്‍ നടന്ന ഒരു ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്. നിപ സംശയിക്കുന്ന യുവാവുമായി ഇടപഴകിയ തൃശൂരിലുള്ള ആറു പേര്‍ നിരീക്ഷണത്തിലാണെന്ന് തൃശൂര്‍ ഡി.എം.ഒ അറിയിച്ചു. തൃശൂരില്‍ നിന്നല്ല രോഗം ബാധിച്ചതെന്നും ഇടുക്കിയില്‍ നിന്നാകാമെന്നും ഡി.എം.ഒ വ്യക്തമാക്കി. കൊച്ചിയില്‍ ആരോഗ്യ സെക്രട്ടറി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. തൃശൂരിലും കോഴിക്കോടും ഇടുക്കിയിലും ജില്ലാ ആരോഗ്യ ഓഫീസര്‍മാരുടെ നേതൃത്വത്തിലും യോഗം ചേരും. കോഴിക്കോട് നിന്നുള്ള മെഡിക്കല്‍ സംഘം കൊച്ചിയിലേക്ക് തിരിച്ചിട്ടുമുണ്ട്. സ്ഥതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുമായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ കൂടിക്കാഴ്ച നടത്തും.