മനാമ: 2025 ലെ സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ്‌സില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് മൂന്നാം സ്ഥാനം നേടി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസ്‌പോര്‍ട്ട് സര്‍വീസ്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ‘മികച്ച എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് സേവനങ്ങള്‍’ എന്ന വിഭാഗത്തില്‍ വിമാനത്താവളം പുരസ്‌കാരം കരസ്ഥമാക്കുന്നത്.
കാര്യക്ഷമവും വേഗത്തിലുള്ളതുമായ നടപടിക്രമങ്ങള്‍, വിമാനത്താവളത്തിനുള്ളിലെ തടസ്സമില്ലാത്ത നീക്കുപോക്കുകള്‍, സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്ന പാസ്പോര്‍ട്ട് കണ്‍ട്രോള്‍ ജീവനക്കാരുടെ ആതിഥ്യ മര്യാദ, പ്രഫഷനലിസം, യാത്രക്കാര്‍ക്കുള്ള സംതൃപ്തി എന്നിവ വിലയിരുത്തി കര്‍ശന മാനദണ്ഡങ്ങളുടെ ഫലമായാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
എമിഗ്രേഷന്‍ നടപടികളും സേവനങ്ങളും മികച്ചതാക്കാനുള്ള ആഭ്യന്തര മന്ത്രി ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ ശ്രദ്ധയും പരിശ്രമവും പിന്തുണയുമാണ് ഈ നേട്ടം തുടര്‍ച്ചയായി നേടാന്‍ വിമാനത്താവളത്തിന് കഴിഞ്ഞതെന്ന് നാഷനാലിറ്റി, പാസ്പോര്‍ട്ട്, റെസിഡന്‍സി അഫയേഴ്‌സ് അണ്ടര്‍സെക്രട്ടറി ശൈഖ് ഹിഷാം ബിന്‍ അബ്ദുര്‍റഹ്‌മാന്‍ അല്‍ ഖലീഫ പറഞ്ഞു.