മനാമ: പരിശീലന മത്സരവും യോഗ്യത മത്സരവും പൂര്‍ത്തിയാക്കിയ ടീമുകള്‍ ഇന്ന് രാത്രി ആരംഭിക്കുന്ന അവസാന അങ്കമായ ഫോര്‍മുല വണ്ണിനിറങ്ങും. 5.412 കിലോമീറ്ററാണ് ഒരു ലാപ്പിന്റെ ദൂരം. ആകെ 57 ലാപ്പുകളിലായി 308.238 കിലോമീറ്ററാണ് റേസ് ദൂരം. 20 പേരടങ്ങുന്ന 10 ടീമുകളായാണ് മത്സരത്തിനിറങ്ങുക.
ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീ 2024ല്‍ 26 പോയന്റ് നേടി റെഡ്ബുളിന്റെ മാക്സ് വെസ്റ്റപ്പെനാണ് കിരീടം ചൂടിയത്. ഏപ്രില്‍ ആറിന് നടന്ന ജപ്പാന്‍ ഗ്രാന്‍ഡ് പ്രീയിലെ ജേതാവും വെസ്റ്റപ്പെനായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശീലന മത്സരങ്ങളില്‍ പൂര്‍ണാധിപത്യം സ്ഥാപിച്ച മക്ലാരന്‍ ടീം കനത്ത മത്സരം സമ്മാനിക്കുമെന്ന് കരുതാം.
ഒന്നാം പരിശീലന മത്സരത്തിലും രണ്ടാം പരിശീലന മത്സരത്തിലും കഴിവ് തെളിയിച്ചത് മക്ലാരന്റെ ഭാഗമായ ലാന്‍ഡോ നോറിസും ഓസ്‌കാര്‍ പിയസ്ട്രിയുമാണ്. രാവിലെ നടന്ന ആദ്യ പരിശീലന മത്സരത്തില്‍ നോറിസ് ഒരു മിനിറ്റ് 33.204 സെക്കന്‍ഡില്‍ ലാപ് പൂര്‍ത്തിയാക്കി ഒന്നാം സ്ഥാനത്തെത്തി. നോറിസിനെക്കാള്‍ 0.238 സെക്കന്‍ഡ് അധികമെടുത്ത ആല്‍പൈന്റെ പിയറി ഗാസ്ലി രണ്ടാം സ്ഥാനത്തും ഏഴ് തവണ ലോക ചാമ്പ്യനായ ഫെറാറിയുടെ ലൂയിസ് ഹാമില്‍ട്ടണ്‍ 0.596 സെക്കന്‍ഡ് പിന്നിലായി മൂന്നാം സ്ഥാനത്തുമെത്തി.
വൈകീട്ട് നടന്ന രണ്ടാം പരിശീലന സെക്ഷനില്‍ മക്ലാരന്റെ തന്നെ ഓസ്‌കാര്‍ പിയാസ്ട്രിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഒരു മിനിറ്റ് 30.505 സെക്കന്‍ഡിലാണ് പിയാസ്ട്രി ലാപ് പൂര്‍ത്തിയാക്കിയത്. തൊട്ടുപിന്നാലെ 0.154 അധിക സമയത്തോടെ നോറിസും ഫിനിഷ് ചെയ്തു. മെഴ്സിഡസിന്റെ ജോര്‍ജ് റസ്സലാണ് മൂന്നാം സ്ഥാനത്തെത്തിയത്. മൂന്നാം പരിശീലന മത്സരത്തിലും ഓസ്‌കാര്‍ പിയാസ്ട്രിയും നോറിസുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തെത്തിയത്.