മനാമ: ലോക കലാദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈന്‍ ആര്‍ട്സ് സൊസൈറ്റി ആര്‍ട്ട് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ‘കോണ്‍കോര്‍ഡിയ’ എന്നാണ് മത്സരത്തിന് പേര് നല്‍കിയിരിക്കുന്നത്. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുന്‍വശത്ത് അലങ്കരിച്ചിരിക്കുന്ന ലോകപ്രശസ്ത കലാകാരന്‍ സര്‍ ബ്രയാന്‍ ക്ലാര്‍ക്കിന്റെ കലാസൃഷ്ടിയായ ‘കോണ്‍കോര്‍ഡിയ’ യുടെ കലാസൗന്ദര്യം രേഖപ്പെടുത്താനുള്ള ശ്രമമാണ് ഫോട്ടോഗ്രാഫി മത്സരം.
പ്രൊഫഷണല്‍, അമച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പ്രൊഫഷണല്‍ ക്യാമറ ഫോട്ടോഗ്രാഫി, മൊബൈല്‍ ഫോണ്‍ ഫോട്ടോഗ്രാഫി എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. ഓരോ വിഭാഗത്തില്‍ നിന്നും ഓരോ വിജയിയെയാണ് തിരഞ്ഞെടുക്കുക.
വിജയികള്‍ക്ക് ക്യാഷ് പ്രൈസ് ലഭിക്കും. കൂടാതെ വിമാനത്താവളത്തിന്റെയും സൊസൈറ്റിയുടെയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനലുകളിലെ ഡിസ്പ്ലേ സ്‌ക്രീനുകളിലും ഫോട്ടോ പ്രദര്‍ശിപ്പിക്കും.
മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 30നകം അപേക്ഷ സമര്‍പ്പിക്കണം. മത്സര നിബന്ധനകളെയും വ്യവസ്ഥകളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബഹ്റൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സന്ദര്‍ശിക്കുക.