മനാമ: സോവറിന്‍ ആര്‍ട്ട് അവാര്‍ഡ് ജീവകാരുണ്യ പ്രദര്‍ശനത്തിന് ദിയാര്‍ അല്‍ മുഹറഖിലെ മറാസി ഗാലേറിയ മാളില്‍ തുടക്കമായി. നാഷണല്‍ ആര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാനും ബഹ്റൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ഓണററി പ്രസിഡന്റുമായ ഷെയ്ഖ് റാഷിദ് ബിന്‍ ഖലീഫ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനം നടക്കുന്നത്.
എക്‌സ്‌പോയില്‍ 200-ലധികം സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. പരിപാടിയില്‍ നിന്ന് ലഭിക്കുന്ന തുക റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ (ആര്‍.എച്ച്.എഫ്) വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികളെ പിന്തുണക്കുന്നതിനായി സംഭാവന ചെയ്യും.
പ്രദര്‍ശനം ഏപ്രില്‍ 26 ശനിയാഴ്ച വരെ നീണ്ടുനില്‍ക്കും. ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. സോവറിന്‍ ആര്‍ട്ട് ഫൗണ്ടേഷന്റെ അഞ്ചാമത് ബഹ്റൈന്‍ സ്റ്റുഡന്റ്‌സ് പ്രൈസിന്റെ ഭാഗമായി ആര്‍.എച്ച്.എഫുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.