മനാമ: സര്‍ക്കാറിന്റെ കരാറുള്ള സ്വകാര്യ കമ്പനികളില്‍ 50 ശതമാനം ബഹ്‌റൈനികളെ നിയമിക്കണമെന്ന നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം. സാമ്പത്തിക കാര്യ സമിതിയുടെ അംഗീകാരം ലഭിച്ചതോടെ നിര്‍ദേശം ശൂറ കൗണ്‍സിലിലേക്ക് കൈമാറി.
ഗതാഗതം, ഊര്‍ജം, ജലം, ടൂറിസം, ടെലികോം, തുറമുഖം, തപാല്‍, എണ്ണ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കരാര്‍ നല്‍കിയ സ്വകാര്യ മേഖലകളിലെല്ലാം നിയമം ബാധകമാകും. സ്വകാര്യവത്കരണത്തിന്റെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നതിനാണ് 50 ശതമാനം എന്ന നിര്‍ദേശമെന്ന് ചേംബറില്‍ സംസാരിച്ച എം.പി ലുല്‍വ അല്‍ റൊഹൈമി പറഞ്ഞു.
2002 ലെ സ്വകാര്യവല്‍ത്കരണ നിയമത്തിലെ ആര്‍ട്ടിക്കിള്‍ നാല്‍ ഭേദഗതി ചെയ്യണമെന്നാണ് എംപിമാരുടെ നിര്‍ദേശം. തൊഴിലില്ലായ്മ പരിഹരിക്കാനും ദേശീയ തൊഴില്‍ ശക്തി പങ്കാളിത്തം ശക്തിപ്പെടുത്താനും ഭേദഗതി സഹായകമാകുമെന്നാണ് നിര്‍ദേശത്തെ അനുകൂലിക്കുന്നവരുടെ വിലയിരുത്തല്‍.









