മനാമ: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി അനുമതി നിഷേധിച്ചുകൊണ്ടുള്ള പാകിസ്താന്റെ തീരുമാനം ഗള്‍ഫ് മേഖലയില്‍ നിന്നും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള വിമാന യാത്രയെ ബാധിക്കില്ല.
ബഹ്‌റൈന്‍, യു.എ.ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കോഴിക്കോട്, കൊച്ചി, ചെന്നൈ സെക്ടറുകളിലേക്കുള്ള വിമാനങ്ങള്‍ നേരത്തേയുള്ള റൂട്ടുകളില്‍തന്നെ സര്‍വിസ് തുടരും.
എന്നാല്‍, ന്യൂഡല്‍ഹി, അമൃത്സര്‍, ജയ്പൂര്‍, ലഖ്‌നൗ, വാരാണസി തുടങ്ങിയ നഗരങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ ഉള്‍പ്പെടെ വിമാനങ്ങള്‍ റൂട്ട് മാറ്റിയാണ് സര്‍വീസ് നടത്തുന്നത്. ഗുജറാത്തിനും അറബിക്കടലിനും മുകളിലൂടെയാണ് മാറ്റിയ റൂട്ട്.
അതേസമയം, ഗള്‍ഫ് എയര്‍, ഖത്തര്‍ എയര്‍വേസ്, എമിറേറ്റ്‌സ്, ഇത്തിഹാദ്, ഉള്‍പ്പെടെ ഇന്ത്യയിലേക്ക് സര്‍വിസ് നടത്തുന്ന വിദേശരാജ്യങ്ങളുടെ വിമാന കമ്പനികള്‍ക്ക് വിലക്ക് ബാധകമല്ല.