മനാമ: ഇറാനുമായുള്ള നയതന്ത്രബന്ധം പുനസ്ഥാപിക്കാനൊരുങ്ങി ബഹ്റൈന്‍. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാശിദ് അല്‍ സയാനി അറിയിച്ചു. സന്തുലിതമായ വിദേശനയമാണ് ബഹ്‌റൈന്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2016ല്‍ ടെഹ്‌റാനിലെ സൗദി എംബസിയില്‍ ഇറാന്‍ നടത്തിയ ആക്രമത്തെത്തുടര്‍ന്നാണ് ബഹ്‌റൈന്‍ ഇറാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നത്. എന്നാല്‍, 2024ല്‍ നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനുള്ള ധാരണയിലെത്തിയിരുന്നു. 2024 ല്‍ ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ മരണത്തില്‍ അനുശോചനം അറിയിക്കാന്‍ വിദേശകാര്യ മന്ത്രി ടെഹ്‌റാന്‍ സന്ദര്‍ശിച്ചിരുന്നു.
പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിലും ബഹ്‌റൈന്റെ പങ്കാളിത്തമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി ബഹ്‌റൈന്‍ സന്ദര്‍ശിക്കുകയും ഹമദ് രാജാവ് അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തിരുന്നു.