മനാമ: ബഹ്‌റൈനില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ (ജി.ഡി.പി) മുന്‍ വര്‍ഷത്തേക്കാള്‍ 2.6 ശതമാനത്തിന്റെ വര്‍ധന. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി പുറത്തിറക്കിയ 2024ലെ പ്രാഥമിക ദേശീയ സാമ്പത്തിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. എണ്ണയില്‍ നിന്നുള്ള വരുമാനത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും എണ്ണയിതര മേഖല 3.8 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചു.
ജി.ഡി.പിയുടെ 86 ശതമാനമാണ് എണ്ണയിതര മേഖല. ഇതില്‍ തന്നെ ഏറ്റവും വലിയ സംഭാവന നല്‍കുന്നത് സാമ്പത്തിക, ഇന്‍ഷുറന്‍സ് മേഖലകളാണ്. മിക്ക സാമ്പത്തിക മേഖലകളും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഡിജിറ്റല്‍ മുന്നേറ്റങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ മേഖല 12.3 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി.
പ്രഫഷനല്‍ ശാസ്ത്ര, സാങ്കേതിക പ്രവര്‍ത്തന മേഖല 9.5 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചപ്പോള്‍ താമസ ഭക്ഷ്യ സേവനങ്ങള്‍ 5.9 ശതമാനം വളര്‍ച്ച നേടി. ഗതാഗത, സംഭരണ മേഖല 4.9 ശതമാനവും നിര്‍മാണ മേഖല 4.5 ശതമാനവുമാണ് വളര്‍ന്നത്. ഓരോ വര്‍ഷവും ബഹ്‌റൈന്റെ ജി.ഡി.പി രണ്ട് ശതമാനവും വീതം വര്‍ധിക്കുന്നുണ്ട്.