മനാമ: രാജ്യത്തുടനീളമുള്ള ഉപേക്ഷിക്കപ്പെട്ട ഭൂമിയും കെട്ടിടങ്ങളും അപകടഭീഷണി ഉയര്‍ത്തുന്നതായി പരാതി. അപകടങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങളില്‍ പെരുകുന്ന വിഷപാമ്പുകള്‍ അടക്കമുള്ള ജന്തുക്കളുടെ ഭീഷണി ഉയര്‍ത്തുന്നുവെന്ന് ക്യാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ ഉന്നയിച്ചു.
ഈസ്റ്റ് ഏകറിലെ ഒരു വീട്ടുടമസ്ഥന്റെ പരാതിയാണ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ചത്. തന്റെ വീടിന്റെ സമീപത്തുള്ള ഉപേക്ഷിക്കപ്പെട്ട വീട്ടില്‍ നിന്നും കൃഷിയിടത്തില്‍ നിന്നും അപകടകരമായ ജന്തുക്കളുടെ സാന്നിധ്യം സ്ഥിരമാണെന്ന് പരാതിയിലുണ്ട്. യോഗത്തിനിടെ വിഷപ്പാമ്പിന്റെ ഫോട്ടോ കാണിച്ചുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ താമസക്കാരന്റെ ദുരിതം ഉയര്‍ത്തിക്കാട്ടി നടപടി ആവശ്യപ്പെട്ടത്.
അതേസമയം, അബു അല്‍ ഐഷ്, വാദ്‌യാന്‍, സുഫാല, ഹംരിയ, ഈസ്റ്റ് സിത്ര, ഈസ്റ്റ് ഏകര്‍, മാഅമീര്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ ഒമ്പതാം മണ്ഡലത്തില്‍ അടിയന്തര അടിസ്ഥാന സൗകര്യ, പൊതു സേവന ആവശ്യങ്ങള്‍ ബോര്‍ഡ് പരിഗണിച്ചു.