മനാമ: ബഹ്റൈന്‍ പ്രതിഭ സോക്കര്‍കപ്പിന്റെ മൂന്നാം സീസണ്‍ ഇന്ന് ആരംഭിക്കും. വ്യാഴാഴ്ച വൈകുന്നേരം ഒമ്പത് മണിക്ക് സിഞ്ച് അല്‍ അഹലി ക്ലബ് ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിന് തുടക്കമാകും. മെയ് 15 ,16, 22, 23 തീയതികളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ 16 സെമി -പ്രൊഫഷണല്‍ ടീമുകള്‍ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
ബഹ്റൈന്‍ പ്രതിഭ കേന്ദ്ര കായിക വേദി ബഹ്റൈന്‍ കെഎഫ്എയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രതിഭ സോക്കര്‍ കപ്പ് മൂന്നാം സീസണിന്റെ ഭാഗമായുള്ള ടീമുകളുടെ മീറ്റിംഗ് പ്രതിഭ ഹാളില്‍ വച്ച് ചേര്‍ന്നു. പ്രസ്തുത ചടങ്ങില്‍ വച്ച് സോക്കര്‍കപ്പിന്റെ മുഖ്യപ്രായോജകരായ ഫര്‍സാന ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ രശ്മി രാമചന്ദ്രന്‍ ടൂര്‍ണമെന്റിലെ വിജയികള്‍ക്കായുള്ള ട്രോഫികള്‍ പ്രകാശിപ്പിച്ചു. പ്രതിഭ വൈസ് പ്രസിഡന്റും സോക്കര്‍കപ്പ് സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ നൗഷാദ് പൂനൂര്‍ സ്വാഗതം ആശംസിച്ച ചടങ്ങിന് പ്രതിഭ കേന്ദ്ര കായികവേദി കണ്‍വീനര്‍ ഷിജു അദ്ധ്യക്ഷത വഹിച്ചു.
പ്രതിഭ രക്ഷാധികാരി കമ്മിറ്റി അംഗവും സോക്കര്‍ കപ്പിന്റെ ചെയര്‍പേഴ്‌സനുമായ രാജേഷ് ആറ്റടപ്പ, കായിക വേദി ചുമതലയുള്ള കേന്ദ്ര കമ്മറ്റി അംഗം ഗിരീഷ് മോഹനന്‍, കെഎഫ്എ പ്രസിഡന്റ് അര്‍ഷാദ് അഹമ്മദ്, സെക്രട്ടറി സജാദ് സുലൈമാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് ടൂര്‍ണമെന്റിന്റെ ഫിക്‌സച്ചര്‍ ലോട്ടിംഗ് പ്രക്രിയ കേന്ദ്ര കമ്മറ്റി അംഗം റാഫിയും ഏകോപിപ്പിച്ചു. സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ അഫീഫ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
മത്സരങ്ങള്‍ വീക്ഷിക്കുന്നതിനായി ബഹ്റൈനിലെ മുഴുവന്‍ സോക്കര്‍ പ്രേമികളെയും സിഞ്ച് അല്‍ അഹലി ക്ലബ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.