മനാമ: പൊതുപാര്‍ക്കുകളില്‍ കാമറ സ്ഥാപിക്കാനൊരുങ്ങി മുഹറഖ് മുനിസിപ്പാലിറ്റി. ലഹരി ഉപയോഗവും പൊതുസ്വത്ത് നശിപ്പിക്കലും വര്‍ധിച്ചതായി പ്രദേശവാസികള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കൗണ്‍സിലര്‍ മുഹമ്മദ് അല്‍ മഹ്‌മൂദാണ് ആവശ്യം മുന്നോട്ടുവെച്ചത്. ഇത്തരക്കാര്‍ പ്രദേശവാസികളായ കുടുംബങ്ങളുടെ സമാധാനം നഷ്ടപ്പെടുത്തുന്നുവെന്നും സുരക്ഷിതത്വം ഇല്ലാതായെന്നും പാര്‍ക്കിലെ വസ്തുക്കള്‍ നശിപ്പിക്കപ്പെടുന്നത് പതിവായിക്കൊണ്ടിരിക്കുകയാണെന്നും മുഹമ്മദ് അല്‍ മഹ്‌മൂദ് പറഞ്ഞു.
ഇതിനായി 24 മണിക്കൂറും പ്രദേശം നിരീക്ഷണത്തിലാക്കണം. കണ്‍ട്രോള്‍ റൂമുകളുമായി ബന്ധിപ്പിക്കുന്ന കാമറകള്‍ സ്ഥാപിക്കണമെന്നും ചുരുങ്ങിയത് ഒരുമാസത്തേക്ക് ഫൂട്ടേജുകള്‍ സൂക്ഷിക്കണമെന്നും നിര്‍ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടാതെ ആഭ്യന്തര മന്ത്രാലയവുമായോ മുനിസിപ്പാലിറ്റിയുമായോ സഹകരിച്ചോ അല്ലെങ്കില്‍ ലൈസന്‍സുള്ള ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നോ പ്രദേശത്ത് സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
നിലവില്‍ പ്രധാന പാര്‍ക്കുകളില്‍ കാമറകള്‍ സ്ഥാപിച്ച് തുടങ്ങാമെന്നും പിന്നീട് ഘട്ടം ഘട്ടമായി മറ്റു പൊതു ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാമെന്നും മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ഖല്ലാഫ് പറഞ്ഞു.