മനാമ: ആഡംബര ജീവിതത്തിനായി വ്യാജ രേഖകള്‍ നിര്‍മ്മിച്ച് ഒരു ടെക്നിക്കല്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും 86,000 ദിനാര്‍ തട്ടിയെടുത്ത മൂന്നുപേര്‍ക്ക് തടവുശിക്ഷ. ഇവര്‍ സ്‌കൂളിലെ ജീവനക്കാരായിരുന്നു. കോഫി ഷോപ്പുകള്‍, ഫാഷന്‍, ഇന്‍ഷുറന്‍സ്, ബ്യൂട്ടി സലൂണുകള്‍, കാര്‍ പേയ്മെന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി മോഷ്ടിച്ച പണം ചെലവഴിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒന്നാം പ്രതിക്ക് 10 വര്‍ഷം തടവും 75,000 ദിനാര്‍ പിഴയും വിധിച്ചു. ഇതേ തുക സ്‌കൂളിലേയ്ക്ക് തിരിച്ചടയ്ക്കാനും ഹൈ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. രണ്ടാമത്തെ പ്രതിക്ക് മൂന്ന് വര്‍ഷം തടവും 10,897 ദിനാര്‍ പിഴയും, മൂന്നാമത്തെയാള്‍ക്ക് ഒരു വര്‍ഷത്തെ തടവും 790 ദിനാര്‍ പിഴയും വിധിച്ചു. ഇരുവരും മോഷ്ടിച്ച തുകയില്‍ നിന്നും ചിലവഴിച്ച തുക തിരികെ നല്‍കാനും കോടതി ആവശ്യപ്പെട്ടു.
മൂന്നുപേരും ശിക്ഷാവിധിക്കെതിരെ അഞ്ചാം ഹൈ ക്രിമിനല്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. കേസ് മെയ് 28 ലേക്ക് മാറ്റി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് ആരംഭിച്ചത്. ആഭ്യന്തര പരിശോധനകളില്‍ സാമ്പത്തികവും ഭരണപരവുമായ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.