മനാമ: ബഹ്റൈനിലെ റോഡുകളില്‍ അനധികൃത വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യം. ദിയാര്‍ അല്‍ മുഹറഖില്‍ ഹൈവേയില്‍ ഒരു സ്ത്രീ തുക് തുക് ഓടിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് എം.പിയും സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് വക്താവുമായ ഖാലിദ് ബു അനക് ഇക്കാര്യം ഉന്നയിച്ചത്.
രാജ്യത്തുടനീളമുള്ള നിരവധി പ്രദേശങ്ങളില്‍ ഇത്തരം സുരക്ഷിതമല്ലാത്ത വാഹനങ്ങള്‍ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ”ഇത് ഒറ്റപ്പെട്ട സംഭവമല്ല. ദിയാര്‍ അല്‍ മുഹറഖില്‍ മാത്രമല്ല, രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഈ വാഹനങ്ങള്‍ പതിവായി ഉപയോഗിക്കുന്നുണ്ട്”, ഖാലിദ് ബു അനക് പറഞ്ഞു.
‘ഈ വാഹനത്തിന് ലൈസന്‍സോ അടിസ്ഥാന സുരക്ഷാ സവിശേഷതകളോ ഇല്ല. ഹൈവേകള്‍, റെസിഡന്‍ഷ്യല്‍ റോഡുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഉപയോഗിച്ചു വരുന്നതെന്നും’ അദ്ദേഹം പറഞ്ഞു.
പല രാജ്യത്തും ഹ്രസ്വദൂര യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഇത്തരം വാഹനങ്ങള്‍ ബഹ്‌റൈനില്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. ഇതിന്റെ ഉപയോഗം ജനങ്ങളിലാകമാനം ആശങ്കക്കിടയാക്കിയിട്ടുണ്ടെന്നും എം.പി പറഞ്ഞു.
റെഗുലേറ്ററി അംഗീകാരമില്ലാതെ ഈ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനോ ഇറക്കുമതി ചെയ്യുന്നതിനോ ശ്രമിക്കുന്നത് തടയണമെന്ന് ആഭ്യന്തര മന്ത്രാലയത്തോടും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിനോടും എം.പി അഭ്യര്‍ഥിച്ചു.