മനാമ: രാജ്യത്തുടനീളമുള്ള ഹോട്ടലുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി ബയോമെട്രിക്സ് സംവിധാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാംഗങ്ങള്‍. ഹോട്ടലുകളില്‍ അഥിതികളായി എത്തുന്നവരെയാണ് ബയോമെട്രിക്സ് സംവിധാനം ഉപയോഗിച്ച് പരിശോധിക്കുക. മുഖം തിരിച്ചറിയല്‍ സംവിധാനം (facial recognition system) ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം.
പാര്‍ലമെന്റിന്റെ സാമ്പത്തിക, സാമ്പത്തിക കാര്യ സമിതി ചെയര്‍മാനും സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് പ്രസിഡന്റുമായ എംപി അഹമ്മദ് അല്‍ സല്ലൂമിന്റെ നേതൃത്വത്തില്‍ അഞ്ച് എംപിമാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലത്തിന് സമര്‍പ്പിച്ചു. നിലവില്‍ സേവന സമിതി നിര്‍ദേശം പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.
ഈ ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഹോട്ടല്‍ അതിഥി പരിശോധന ഡിജിറ്റൈസ് ചെയ്യുന്ന ഗള്‍ഫിലെ രണ്ടാമത്തെ രാജ്യമായി ബഹ്റൈന്‍ മാറും. നിലവില്‍ യുഎഇ ബയോമെട്രിക് സംവിധാനം നടപ്പാക്കിയിട്ടുണ്ട്.