മനാമ: ബഹ്റൈനിലെ ചരിത്രപ്രസിദ്ധമായ പഴയ മുഹറഖ് സൂഖിലേക്ക് ഷട്ടില്‍ ബസ് സര്‍വീസ് ആരംഭിക്കാന്‍ മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകാരം നല്‍കി. കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനാണ് ഷട്ടില്‍ ബസ് സര്‍വീസ് ആരംഭിക്കുന്നത്.
കൗണ്‍സില്‍ ചെയര്‍മാനും ഏരിയ കൗണ്‍സിലറുമായ അബ്ദുല്‍ അസീസ് അല്‍ നാറാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. രണ്ട് പ്രധാന കാര്‍ പാര്‍ക്കിങ്ങുകള്‍ക്കും സൂഖിനുമിടയില്‍ ബസ് സര്‍വീസ് നടത്താനാണ് തീരുമാനം. റൂട്ട്, സമയം, ചെലവ് തുടങ്ങിയ കാര്യങ്ങള്‍ക്കായി പഠനം നടത്താന്‍ കൗണ്‍സില്‍ നിര്‍ദേശിച്ചു.
ചൂടുകൂടുന്ന കാലാവസ്ഥയില്‍, സൂഖിലേക്ക് എത്തുന്ന സന്ദര്‍ശകര്‍, പ്രത്യേകിച്ചും പ്രായമായവരും കുടുംബങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇത് ആശ്വാസമാവുമെന്നാണ് പ്രതീക്ഷ. നിലവില്‍
ഏറ്റവും അടുത്തുള്ള പാര്‍ക്കിംഗ് ഏരിയകള്‍ മുഹറഖ് സൂഖില്‍ നിന്നും വളരെ ദൂരെയാണ്.
പദ്ധതി നടപ്പാക്കുന്നതിന് സ്വകാര്യ ഓപ്പറേറ്റര്‍മാരുമായി പങ്കാളിത്തത്തിന് തയ്യാറാണെന്ന് ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് പോസ്റ്റ് അണ്ടര്‍ സെക്രട്ടറി ഫാത്തിമ അല്‍ ധെയ്ന്‍ പറഞ്ഞു.