മനാമ: ബലി പെരുന്നാളിനോടനുബന്ധിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ സംഘടിത കുറ്റകൃത്യ നിരീക്ഷണ മേധാവി മേജര്‍ ഫാത്തിമ അല്‍ ദോസരി. സ്ഥിരീകരിക്കാത്ത ഉറവിടങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങരുതെന്ന് മേജര്‍ ഫാത്തിമ അല്‍ ദോസരി പറഞ്ഞു.
അബായ പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്കും പൂളുകള്‍ ബുക്ക് ചെയ്യല്‍, അവധിക്കാല യാത്രകള്‍ തുടങ്ങിയ സേവനങ്ങള്‍ക്കും വ്യാജ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് മേജര്‍ അല്‍ ദോസരി പറഞ്ഞു. ഇത്തരം പരസ്യങ്ങള്‍ ബാങ്ക് വിവരങ്ങള്‍ മോഷ്ടിക്കുന്ന വ്യാജ വെബ്സൈറ്റുകളിലേക്ക് നയിക്കുകയോ അല്ലെങ്കില്‍ വാട്ട്സ്ആപ്പിലൂടെ പണം തട്ടിയെടുത്ത് അപ്രത്യക്ഷമാവുകയോ ചെയ്യും. വാങ്ങുന്ന ഉല്‍പ്പന്നം നിയമാനുസൃതമായ ബിസിനസുകാരുടെതാണോ എന്ന് ഉറപ്പാക്കണമെന്നും മേജര്‍ അല്‍ ദോസരി പറഞ്ഞു.