ഡൽഹി: പ്രവാസികളുടെ ടിക്കറ്റ് നിരക്ക് പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. അവധിക്കാലത്തേയും അതോടൊപ്പം തന്നെ ഉത്സവ കാലഘട്ടത്തിലേയും വിമാനടിക്കറ്റ് നിരക്ക് വർദ്ധനവ് പ്രവാസികളായ ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെ ദുരന്തത്തിലാക്കുകയാണ്. വർഷം മുഴുവൻ അദ്ധ്വാനിച്ച് നേടിയെടുക്കുന്ന സമ്പാദ്യം മുഴുവൻ വിമാനയാത്രക്കൂലിയായി നൽകേണ്ടി വരുന്ന ഗതികേടിലാണ് പ്രവാസികളായിട്ടുള്ള പലരും. പ്രവാസികളുടെ എക്കാലത്തേയും നീറുന്ന പ്രശ്നമായി മാറുകയാണ് വിമാനടിക്കറ്റ് നിരക്കിലെ വർദ്ധനവ്. ഇതിന് പരിഹാരം ഉണ്ടാക്കാനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് വി മുരളീധരൻ ഹർദീപ് സിങ് പുരിയോട് പ്രത്യേകമായി അഭ്യർത്ഥിച്ചു.
വിമാനടിക്കറ്റ് നിരക്കിലെ വർദ്ധനവ് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാരുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചതായി വി മുരളീധരൻ അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.