മനാമ: ന്യൂ ഹൊറൈസണ്‍ സ്‌കൂളിന്റെ 25-26 അധ്യയന വര്‍ഷത്തെ സ്റ്റുഡന്റ് കൗണ്‍സില്‍ പി.ടി.എ അംഗങ്ങള്‍ ചുമതലയേറ്റു. മെയ് 24 ശനിയാഴ്ച കെസിഎ ഓഡിറ്റോറിയത്തില്‍ നടന്ന ഇന്‍വെസ്റ്റിച്വര്‍ സെറിമണിയിലാണ് സ്റ്റുഡന്റ് കൗണ്‍സില്‍ അംഗങ്ങള്‍ സ്ഥാനമേറ്റത്. സ്റ്റുഡന്റ് കൗണ്‍സില്‍ കോര്‍ഡിനേറ്ററായി ദീപ്തി ഷാ പ്രവര്‍ത്തിക്കും. സെഗയ, സിഞ്ച് കാമ്പസുകള്‍ക്കായി പാരന്റ്-ടീച്ചര്‍ അസോസിയേഷന്‍ (പിടിഎ) ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടു.
ദേശീയ ഗാനാലാപനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് വിശുദ്ധ ഖുര്‍ആന്‍ പാരായണവും നടന്നു. പ്രിന്‍സിപ്പല്‍ വന്ദന സതീഷ് അതിഥികളെയും രക്ഷിതാക്കളെയും സ്വാഗതം ചെയ്തു. പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹുസൈന്‍ അല്‍ ജനാഹി മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത പര്‍വതാരോഹകയും എഴുത്തുകാരിയുമായ മധു സര്‍ദയും ബയോലൈറ്റ്‌സിന്റെ സിഇഒ തനിമ ചക്രവര്‍ത്തിയും വിശിഷ്ടാതിഥികളായി പങ്കെടുക്കുകയും വിദ്യാര്‍ത്ഥികളെ നേതൃത്വവും ലക്ഷ്യബോധവും സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു.
ചെയര്‍മാന്‍ ജോയ് മാത്യൂസ് ഹൃദ്യമായ ഒരു അഭിനന്ദന പ്രസംഗം നടത്തി. സാംസ്‌കാരിക പ്രകടനങ്ങള്‍ പരിപാടിക്ക് ഊര്‍ജ്ജസ്വലത പകര്‍ന്നു. നന്ദി പ്രകടനത്തോടെയും അനുസ്മരണ ഗ്രൂപ്പ് ഫോട്ടോയോടെയും ചടങ്ങ് അവസാനിച്ചു.