മനാമ: ബഹ്റൈന്‍ പ്രതിഭ സംഘടിപ്പിച്ച സോക്കര്‍ കപ്പ് സീസണ്‍ 3ല്‍ ഗ്രീന്‍ സ്റ്റാര്‍ ബോയ്‌സ് ബഹ്റൈന്‍ (ജിഎസ്ബി എഫ്‌സി) ജേതാക്കളായി. അല്‍ അഹ്‌ലി ക്ലബ് സ്റ്റേഡിയത്തില്‍ വച്ച് നടന്ന ഫൈനല്‍ മല്‍സരത്തില്‍ കൊണ്ടോട്ടി എഫ്‌സി കെഎംസിസിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജിഎസ്ബിഎഫ്‌സി ജേതാക്കളായത്.
പ്രതിഭ കായികവേദി ബഹ്റൈന്‍ കെഎഫ്എയുമായി കൂടി ചേര്‍ന്ന് സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ 16 ടീമുകള്‍ പങ്കെടുത്തു. വെള്ളിയാഴ്ച നടന്ന ആദ്യ സെമി ഫൈനലില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ജിഎസ്ബി എഫ്‌സി കേരള യുണൈറ്റഡ് എഫ്‌സിയെ പരാജയപ്പെടുത്തി. തുടര്‍ന്ന് നടന്ന രണ്ടാം സെമിയില്‍ യുണൈറ്റഡ് എഫ്‌സി റിഫയും, കൊണ്ടോട്ടി എഫ്‌സി കെഎംസിസിയും തമ്മില്‍ നടന്ന മത്സരം നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയില്‍ പിരിയുകയും തുടര്‍ന്ന് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് കൊണ്ടോട്ടി എഫ്‌സി കെഎംസിസി വിജയിക്കുകയും ചെയ്തു.
ജിഎസ്ബി എഫ്‌സിയുടെ അജ്മല്‍ ടൂര്‍ണമെന്റിലെ ബെസ്റ്റ് പ്ലെയര്‍, ടോപ് സ്‌കോറര്‍, മാന്‍ ഓഫ് ദി മാച്ച്, ഫസ്റ്റ് ഗോള്‍ ഫോര്‍ ദി ഫൈനല്‍ എന്നീ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായപ്പോള്‍ ജിഎസ്ബി എഫ്‌സിയുടെ തന്നെ ഷിബിന്‍ ബെസ്റ്റ് ഡിഫന്‍ഡറായും കൊണ്ടോട്ടി എഫ്‌സി കെഎംസിസിയുടെ പ്രജിത്ത് മികച്ച ഗോള്‍കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.
ഫൈനല്‍ മത്സരത്തിന് ശേഷം നടന്ന ഔദ്യോഗിക ചടങ്ങില്‍ വച്ച് ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി പ്രതിഭ മുഖ്യരക്ഷാധികാരി പി ശ്രീജിത്തും പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മോറാഴയും ചേര്‍ന്ന് കൈമാറി. വിജയികള്‍ക്കുള്ള ക്യാഷ് വൗച്ചര്‍ പ്രതിഭ രക്ഷാധികാരി കമ്മിറ്റി അംഗം സുബൈര്‍ കണ്ണൂര്‍ കൈമാറി.
റണ്ണര്‍ അപ്പ് ട്രോഫി കെഎഫ്എ സെക്രട്ടറി സജാദ് സുലൈമാനും പ്രസിഡന്റ് അര്‍ഷാദ് അഹമദും, ക്യാഷ് വൗച്ചര്‍ പ്രതിഭ രക്ഷാധികാരി കമ്മിറ്റി അംഗം സിവി നാരായണനും സമ്മാനിച്ചു. ടൂര്‍ണമെന്റില്‍ ഉടനീളം നല്ല പ്രകടനം കാഴ്ചവെച്ച ടീമിനുള്ള ‘ഫെയര്‍ പ്ലേ’ അവാര്‍ഡ് സെന്‍ട്രല്‍ എഫ്‌സി കാലിക്കറ്റിന് പ്രതിഭാ പ്രസിഡന്റ് ബിനു മണ്ണില്‍ കൈമാറി.
മറ്റു വിവിധ വിഭാഗങ്ങളില്‍ പെട്ട സമ്മാനങ്ങള്‍ പ്രതിഭയുടെ രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, കായിക വേദി അംഗങ്ങള്‍, സംഘാടക സമിതി അംഗങ്ങള്‍, പ്രതിഭ വനിതാ വേദി അംഗങ്ങള്‍ ചേര്‍ന്ന് കൈമാറി.
സോക്കര്‍ കപ്പ് സീസണ്‍ 3ന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ ഫര്‍സാന ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ രശ്മി രാമചന്ദ്രന്‍, മഹേഷ് യോഗിദാസന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഔദ്യോഗിക ചടങ്ങുകള്‍ക്ക് കായികവേദി ജോയിന്റ് കണ്‍വീനര്‍ ശര്‍മിള നന്ദി രേഖപ്പെടുത്തി.
സെമി ഫൈനല്‍- ഫൈനല്‍ മത്സരങ്ങള്‍ക്കിടയില്‍ ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള പ്രതിഭയുടെ കലാകാരന്മാര്‍ അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികള്‍ കാണികള്‍ക്ക് വ്യത്യസ്തമാര്‍ന്ന അനുഭവം സമ്മാനിച്ചു.
സംഘാടക സമിതി രാജേഷ് ആറ്റടപ്പ ചെയര്‍ പേഴ്‌സണും, നൗഷാദ് പൂനൂര്‍ ജനറല്‍ കണ്‍വീനറും, ശ്രീരാജ് കാന്തലോട്ട്, അഫീഫ് പരപ്പനങ്ങാടി എന്നിവര്‍ ജോ.കണ്‍വീനര്‍മാരുമായ 75 അംഗ സംഘടകസമിതിയാണ് സോക്കര്‍കപ്പ് സീസണ്‍ 3ക്ക് പുറകില്‍ പ്രവര്‍ത്തിച്ചത്.
കേന്ദ്ര കായികവേദി കണ്‍വീനര്‍ ഷിജുവും, കായിവേദിയുടെ ചുമതലയുള്ള കേന്ദ്ര കമ്മറ്റി അംഗം ഗീരിഷ് മോഹനന്‍, റാഫി കല്ലിങ്കല്‍ എന്നിവര്‍ ഏകോപനം നടത്തി. നാല് ദിവസങ്ങളിലായി നടന്ന സോക്കര്‍കപ്പ് വിജയിപ്പിച്ച മുഴുവന്‍ കായിക പ്രേമികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു.