മനാമ: ബഹ്‌റൈനില്‍ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്ക്. ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ നിന്ന് സാറിലേക്ക് പോകുന്ന റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു.
ഒരു വാഹനം മറ്റൊന്നിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അതേസമയം, അല്‍ ലോസിയിലുണ്ടായ മറ്റൊരു അപകടത്തില്‍ ബഹ്റൈനി യുവാവിന് പരിക്കേറ്റു. യുവാവിന്റെ വാഹനം ഒരു മെറ്റല്‍ ബാരിയറില്‍ ഇടിച്ച് മറിയുകയായിരുന്നു. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.