മനാമ: കെട്ടിടത്തില്‍ കഞ്ചാവ് വളര്‍ത്തിയതിന് മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. അറബ്-അമേരിക്കന്‍ വംശജന്‍(51), അയാളുടെ ബഹ്‌റൈനി സഹോദരന്‍(53), 48 വയസ്സുള്ള മറ്റൊരു സ്വദേശി എന്നിവരെയാണ് കഴിഞ്ഞ ദിവസം ഹൈക്രിമിനല്‍ കോടതി 25 വര്‍ഷത്തെ തടവിനും 5000 ദിനാര്‍ വീതം പിഴയൊടുക്കാനും വിധിച്ചത്.
കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏകദേശം 10 ലക്ഷം ദിനാര്‍ മൂല്യമുള്ള ലഹരിവസ്തുക്കളാണ് പരിശോധനയില്‍ കെട്ടിടത്തില്‍നിന്ന് പൊലീസ് കണ്ടെത്തിയത്. മയക്കുമരുന്ന് ഇടപാട്, കഞ്ചാവ് ചെടി വളര്‍ത്തല്‍ എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം യു.എസ് പൗരനെ നാടുകടത്തും. നാലാം പ്രതിയായ ബഹ്‌റൈനി സ്വദേശിയായ 29 വയസ്സുകാരന് 10 വര്‍ഷത്തെ തടവും 5000 ദിനാര്‍ പിഴയുമാണ് ശിക്ഷ. കഞ്ചാവ് വില്‍പന, ഉപയോഗിക്കാന്‍ കഞ്ചാവ് കൈവശം വെച്ചു എന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റം. സിന്തറ്റിക് കന്നാബിനോയിഡുകളും മെത്താംഫെറ്റമിനും ഉപയോഗിച്ചതിന് 27 വയസ്സുള്ള അഞ്ചാം പ്രതിക്ക് ഒരു വര്‍ഷം തടവും 1000 ദിനാര്‍ പിഴയും വിധിച്ചു.