12 ഇന്ത്യക്കാർ അടക്കം 17 പേരുടെ ദാരുണ മരണത്തിൽ കലാശിച്ച ഒമാൻ ബസ് അപകടത്തിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് Mwasalat ബസ് ഡ്രൈവറുടെ തികഞ്ഞ അശ്രദ്ധയും മുന്നറിയിപ്പുകൾ അറിഞ്ഞോ അറിയാതെയോ അവഗണിച്ചതുമാണെന്ന് പ്രാഥമിക സൂചനകൾ വ്യക്തമാക്കുന്നു . ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട ഡ്രൈവർ ഇക്കാര്യം പോലീസിനോട് സമ്മതിച്ചതായാണ് വിവരം . ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് റാഷിദിയ എക്സിറ്റിലേക്ക് പ്രവേശിക്കുമ്പോൾ 2 .2 മീറ്റർ ഉയരം എന്ന ബോർഡ് ഡ്രൈവർ കണ്ടില്ലെന്നാണ് പറയുന്നത് . ഈ ഉയരം കണക്കാക്കാതെ പാഞ്ഞു വന്ന ബസ് സിഗ്നൽ ബോർഡിൽ തട്ടി തകരുകയായിരുന്നു . അപകടത്തിന് ആക്കം കൂട്ടിയത് ആ റോഡിലെ വേഗത നിയന്ത്രണം ഡ്രൈവർ അവഗണിച്ചത് കൊണ്ടാണ് . 40 കിലോമീറ്റർ വേഗതയിൽ മാത്രം സഞ്ചരിക്കേണടതെന്നു എഴുതിരിയുന്ന മുന്നറിയിപ്പ് ബോർഡും ഡ്രൈവർ കണ്ടില്ലെന്നാണ് പറയുന്നത് . ഈ രണ്ടുകാരണങ്ങളും കൊണ്ട് അപകടത്തിന്റെ ആഘാതം വർധിക്കുകയായിരുന്നു . ഒമാൻ സ്വദേശിയായ ഡ്രൈവർക്ക് ചെറിയ പരിക്കുകൾ മാത്രമേയുള്ളൂ .
ഉയര തടസ്സം നിൽക്കുന്ന ബാരിയർ ഇടിച്ചു പൊളിച്ച ബസ്സിന്റെ മുൻഭാഗത്തേക്ക് ബാരിയർ തന്നെ തകർന്ന് വീഴുകയും മുൻഭാഗം പ്രത്യേകിച്ച് ബസ്സിന്റെ ഇടതുവശം അങ്ങനെ തന്നെ തകരുകയുമായിരുന്നു . ഇടതു വശത്തിരുന്ന യാത്രക്കാരാണ് മരിച്ചവരിൽ കൂടുതൽ .
അപകട കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ് . അന്തിമ വിധി ഉടൻ പ്രതീക്ഷിക്കുന്നു . അപകടം നടന്ന ഉടൻ തന്നെ ദുബായ് മസ്‌ക്കറ്റ് റൂട്ടിലെ തത്തുല്യ ബസ് ഗതാഗതം നിർത്തിവയ്ക്കാൻ ദുബായുടെയും മസ്‌ക്കറ്റിന്റെയും വാഹന വകുപ്പുകൾ തീരുമാനിച്ചു .
ഇന്ന് സന്ധ്യ വരെ 7 ഇന്ത്യക്കാരുടെ ഡെത്ത് സെർട്ടിഫിക്കറ്റുകൾ ബറാഹ ആശുപത്രിയിൽ നിന്ന് കിട്ടിയിട്ടുണ്ട് . ബാക്കി 5 പേരുടെ സെർട്ടിഫിക്കറ്റുകൾ ഇന്ന് രാത്രി തന്നെ കിട്ടാൻ സാധ്യതയുണ്ട്. ചില മൃതദേഹങ്ങൾ രാത്രി ഫ്ലൈറ്റിൽ തന്നെ കൊണ്ടുപോകാൻ ധൃതി പിടിച്ച ശ്രമങ്ങൾ നടക്കുന്നുണ്ട് . ഇന്ത്യൻ കോൺസുലേറ്റ് വളരെ സജീവമായി ഇക്കാര്യത്തിൽ ഇടപെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരം നോർക്ക യും തീവ്ര ശ്രമങ്ങളിലാണ് . യുഎ ഇ യിലെ പ്രമുഖ മലയാളി സന്നദ്ധ പ്രവർത്തകരും സജീവമായി രംഗത്തുണ്ട്.