മനാമ: ഈ വര്‍ഷത്തെ സിബിഎസ്ഇ സ്കൂള്‍ ബഹ്റൈന്‍ ക്ലസ്റ്റര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ അണ്ടര്‍-19 ബോയ്സ് വിഭാഗത്തില്‍ ഇന്ത്യന്‍ സ്കൂള്‍ ടീം ചാമ്പ്യന്മാരായി. കൂടാതെ ഇന്ത്യന്‍ സ്കൂളിന്റെ അണ്ടര്‍-19 ഗേള്‍സ് ടീം റണ്ണേഴ്സ് അപ്പ് സ്ഥാനം നേടി. വിജയിച്ച ടീമുകളില്‍ പ്രണവ് നായര്‍ (ക്ലാസ് 11-ഇ), സായ് ശ്രീനിവാസ് (ക്ലാസ് 11-കെ), അലന് ഈപ്പന് തോമസ് (ക്ലാസ് 10-ബി), ശ്രീഅനന്തപത്മനാഭന്‍ സുധീരന് (ക്ലാസ് 10-എസ്) എന്നിവര്‍ ഉള്‍പ്പെടുന്നു.
മറ്റ് വിഭാഗങ്ങളിലും ഇന്ത്യന്‍ സ്കൂള്‍ പ്രശംസനീയമായ മികവ് പുലര്‍ത്തി. അണ്ടര്‍-17, അണ്ടര്‍-14 വിഭാഗങ്ങളില്‍ ഇന്ത്യന്‍ സ്കൂള്‍ ആണ്‍കുട്ടികളുടെ ടീമുകള്‍ രണ്ടാം സ്ഥാനം നേടി. സ്കൂള്‍ ചെയര്മാന് അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, ഭരണ സമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, ഫിസിക്കല്‍ എജ്യുക്കേഷന്‍ വകുപ്പ് മേധാവി ശ്രീധര്‍ ശിവ എസ് എന്നിവര്‍ ജേതാക്കള്‍ക്കും പരിശീലകന് അനൂബ് ജിക്കും ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിച്ചു.