മനാമ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, കെപിസിസി മുന്‍ പ്രസിഡന്റ്, എംപി, എംഎല്‍ എ എന്നീ നിലകളില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ച നേതാവ് ആയിരുന്നു തെന്നല ബാലകൃഷ്ണപിള്ള എന്ന് ബഹ്റൈന്‍ ഒഐസിസി ദേശീയ കമ്മറ്റി അനുസ്മരിച്ചു. കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിക്ക് ഏറ്റവും വലിയ വിജയം സമ്മാനിച്ച നേതാവ് എന്ന് എക്കാലവും അദ്ദേഹം സ്മരിക്കപ്പെടും. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോളും തനിക്ക് ലഭിച്ച കുടുംബസ്വത്തിന്റെ ഭാഗം വിറ്റ് പൊതുപ്രവര്‍ത്തനം നടത്തിയ നേതാവ് ആയിരുന്നു അദ്ദേഹം.
താന്‍ വിശ്വസിച്ച പ്രസ്ഥാനത്തില്‍ നിന്ന് തിക്തഫലം ഉണ്ടായപ്പോളും പ്രസ്ഥാനത്തിന് തന്റെ ഭാഗത്തു നിന്ന് ഒരു പോറല്‍ പോലും ഏല്‍ക്കാതെ, യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി, അണികള്‍ക്ക് ഉത്തമനേതാവായി പ്രവര്‍ത്തിച്ച മഹാനായ നേതാവ് ആയിരുന്നു തെന്നലബാലകൃഷ്ണപിള്ള.
രാഷ്ട്രീയ രംഗത്തേക്ക് കടന്ന് വരുന്ന പുതിയ തലമുറക്ക് മാതൃക ആക്കാവുന്ന, പ്രവര്‍ത്തന മികവ് കൊണ്ടും, ലളിതമായ ജീവിതം കൊണ്ടും എല്ലാ ആളുകളുടെയും ആദരവും, സ്നേഹവും പിടിച്ചു പറ്റാന്‍ സാധിച്ച നേതാവ് ആയിരുന്നു എന്ന് ഒഐസിസി ആക്ടിങ് പ്രസിഡന്റ് ജവാദ് വക്കം, ജനറല്‍ സെക്രട്ടറി മനു മാത്യു എന്നിവര്‍ അനുസ്മരിച്ചു.