മനാമ: സ്വയം തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കും ഫ്രീലാന്‍സര്‍മാര്‍ക്കും വേതന നഷ്ടപരിഹാര നിയമനിര്‍മാണത്തിന് എംപിമാരുടെ നിര്‍ദേശം. ഇതിനായി ഇന്‍ഷൂറന്‍സ് പദ്ധതിയാണ് എംപിമാര്‍ മുന്നോട്ടുവെച്ചത്. താല്‍പര്യമുള്ളവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത് ചേരാവുന്ന ഒരു ഇന്‍ഷൂറന്‍സ് പദ്ധതിയാണിത്. ഇതുപ്രകാരം 60 ശതമാനംവരെ വേതന നഷ്ടപരിഹാരം അനുവദിക്കും.
എംപി ജലാല്‍ കാദെം അല്‍ മഹ്ഫൂദാണ് കരട് നിയമം അവതരിപ്പിച്ചത്. ഹ്രസ്വകാല ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യാന്‍ ലക്ഷ്യമിടുന്ന പദ്ധതി പ്രകാരം ഇന്‍ഷൂറന്‍സ് പോളിസിയില്‍ ചേരുന്ന വ്യക്തികള്‍ക്ക് 1000 ദിനാര്‍ വരെ സഹായം ലഭിക്കും.
ടാക്‌സി ഡ്രൈവര്‍മാര്‍, ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍മാര്‍, കസ്റ്റംസ് ചരക്ക് ഡ്രൈവര്‍മാര്‍, ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാര്‍, ബോട്ട് ക്യാപ്റ്റന്മാര്‍, മത്സ്യത്തൊഴിലാളികള്‍, ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങളുടെ ഉടമകള്‍ എന്നിവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുമെന്ന് അല്‍ മഹ്ഫൂദ് പറഞ്ഞു. പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലം ഈ നിയമം പുനപരിശോധനക്കായി സേവനസമിതിക്ക് അയച്ചിട്ടുണ്ട്.