മനാമ: മുഹറഖ് സൂഖിലെയും പരിസരത്തെയും ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള അടിയന്തര നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം. ചരിത്രപ്രധാനമായ മാര്‍ക്കറ്റിന് ചുറ്റുമുള്ള ഗതാഗതക്കുരുക്കും തിരക്കും ലഘൂകരിക്കാനുള്ള പദ്ധതിയ്ക്കും മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി.
പ്രദേശത്തെ റോഡുകളുടെ കൈവരികള്‍ മാറ്റി പാര്‍ക്കിങ് സ്ഥലങ്ങളാക്കി മാറ്റാനുള്ള അടിയന്തര നീക്കത്തെ കൗണ്‍സിലര്‍മാര്‍ ഏകകണ്ഠമായി പിന്തുണച്ചു. സൂഖിന് സമീപം ആവശ്യത്തിന് പാര്‍ക്കിങ് ഇല്ലാത്തതില്‍ സന്ദര്‍ശകരും പ്രദേശവാസികളും ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് നീക്കം.
ബഹ്‌റൈനിലെ ഏറ്റവും പഴക്കമേറിയതും വിനോദസഞ്ചാരികള്‍ നിരന്തരം വരുന്നയിടവുമാണ് മുഹറഖ് സൂഖ്. അതുകൊണ്ട് പാര്‍ക്കിങ് പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കണമെന്ന് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സാലിഹ് ബുഹാസ പറഞ്ഞു. പാര്‍ക്കിങ് കര്‍ബ് ക്രമീകരണങ്ങള്‍ക്ക് സമാന്തരമായി, സൂഖിനും കാര്‍ പാര്‍ക്കുകള്‍ക്കുമിടയില്‍ ഷട്ടില്‍ ബസ് സര്‍വിസ് അവതരിപ്പിക്കാനുള്ള ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ നാറിന്റെ നിര്‍ദേശം കൗണ്‍സില്‍ കഴിഞ്ഞ മാസം അംഗീകരിച്ചിരുന്നു.