മനാമ: സാര്‍ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആണ്‍കുട്ടി അബ്ദുല്‍ അസീസ് അഹമ്മദ് മരിച്ചു. അഞ്ച് പേരടങ്ങുന്ന സ്വദേശി കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടിരുന്നത്. അപകടത്തില്‍ കുട്ടിയുടെ പിതാവ് അഹമ്മദ് ഇബ്രാഹിം (40), മാതാവ് ഫാത്തിമ അബ്ബാസ് (36) എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.
അബ്ദുല്‍ അസീസ്, സഹോദരി ആയ, ജ്യേഷ്ഠന്‍ യൂസിഫ് എന്നിവര്‍ ചികിത്സയിലായിരുന്നു. സഹോദരി ആയ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. എന്നാല്‍ മൂത്ത സഹോദരന്‍ യൂസിഫിന്റെ ചികിത്സ തുടരുകയാണ്. മെയ് 30ന് പുലര്‍ച്ചെ ശൈഖ് ഖലീഫ സല്‍മാന്‍ ഹൈവേയിലാണ് അപകടമുണ്ടായത്. എതിരെ വന്ന കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.
കുടുംബം സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിച്ചുകയറിയ വാഹനത്തിലെ ഡ്രൈവര്‍ വാഹനം ഓടിക്കുമ്പോള്‍ ലഹരി ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. പ്രതി സഞ്ചരിച്ച കാര്‍ അമിത വേഗതയിലായിരുന്നതായും പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. പ്രതിയെ ചോദ്യം ചെയ്യുകയും തെളിവുകള്‍ ഹാജരാക്കുകയും ക്രിമിനല്‍ കോടതിയില്‍ വിചാരണക്കുള്ള തയയ്യാറെടുപ്പിനായി താല്‍ക്കാലിക തടങ്കലില്‍ വെക്കുകയും ചെയ്തു.
 
								 
															 
															 
															 
															 
															








