ദുബായ്: ദുബായിൽ വാഹനാപകടത്തിൽ മരിച്ച 17 പേരിൽ എട്ട് മലയാളികളുടെ ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി നോർക്ക റൂട്ട്‌സ് അധികൃതർ അറിയിച്ചു. തളിക്കുളം അറക്കവീട്ടിൽ മുഹമ്മദുണ്ണി ജമാലുദ്ദീന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ കൊച്ചി വിമാനത്താവളത്തിലും തുടർന്ന് നോർക്ക എമർജൻസി ആംബുലൻസ് മുഖേന വീട്ടിലെത്തിക്കുകയും ചെയ്തു.
തലശ്ശേരി സറീനാസിൽ സി.കെ ഉമ്മർ, മകൻ നബീൽ ഉമ്മർ, തൃശൂർ വള്ളിത്തോട്ടത്തിൽ വീട്ടിൽ കിരൺ ജോണി എന്നിവരുടെ ഭൗതിക ശരീരങ്ങൾ ഇന്ന് രാത്രിയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കും. കണ്ണൂർ പുതിയപുരയിൽ വീട്ടിൽ രാജന്റെ ഭൗതിക ശരീരം നാളെ(09/06/2019) രാവിലെയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കും. തിരുവനന്തപുരം മാധവപുരം സ്വദേശി ദീപകുമാറിന്റെയും കോട്ടയം പാമ്പാടി കാർത്തിക വീട്ടിൽ വിമൽ കുമാറിന്റെയും ഭൗതിക ശരീരങ്ങൾ നാളെ (09/06/2019) പുലർച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കും. ദുബായ് കോൺസൽ ജനറൽ വിപുൽ ദാസും മറ്റ് ഉദ്യോഗസ്ഥരും നോർക്ക റൂട്ട്‌സ് ഡയറക്ടർ ഒ.വി. മുസ്തഫയും വിവിധ സന്നദ്ധ പ്രവർത്തകരും ചേർന്നാണ് ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കാൻ സഹായിച്ചത്.